സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ മിന്നും പ്രകടനം പുറത്തെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. രണ്ടാം ഇന്നിങ്‌സില്‍ ടി20 ശൈലിയില്‍ ബാറ്റുവീശിയ പന്ത് വെറും 29 പന്തില്‍ അര്‍ധ സെഞ്ച്വറി പിന്നിട്ടു. മിക്ക ബാറ്റര്‍മാരും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ക്രീസില്‍ ആക്രമണോത്സുക ബാറ്റിങ് പുറത്തെടുത്തതിന് പിന്നാലെയാണ് പന്തിനെ പ്രശംസിച്ച് സച്ചിന്‍ രംഗത്തെത്തിയത്.
'നിലവിലെ സാഹചര്യത്തില്‍ മിക്ക ബാറ്റര്‍മാരും 50ല്‍ താഴെ സ്‌ട്രൈക്ക് റേറ്റില്‍ കളിച്ചപ്പോള്‍ ഇവിടെ ഒരാള്‍ 184 സ്‌ട്രൈക്ക് റേറ്റില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെക്കുന്നു. ശ്രദ്ധേയമായ പ്രകടനമാണ് പന്ത് ഇന്ന് സിഡ്‌നിയില്‍ കാഴ്ച വെച്ചത്. നേരിട്ട ആദ്യ പന്ത് മുതല്‍ ഓസ്ട്രേലിയയെ റിഷബ് പന്ത് തകര്‍ത്തെറിയുകയായിരുന്നു. ശരിക്കും എന്‍റർടെയ്‌നിങ് ആണ് അദ്ദേഹത്തിന്റെ ബാറ്റിംഗ് പ്രകടനം. നിര്‍ണായകമായ പ്രകടനമായിരുന്നു അത്', സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എക്‌സില്‍ കുറിച്ചു.
On a wicket where majority of the batters have batted at a SR of 50 or less, @RishabhPant17's knock with a SR of 184 is truly remarkable. He has rattled Australia from ball one. It is always entertaining to watch him bat. What an impactful innings!#AUSvIND pic.twitter.com/rU3L7OL1UX
— Sachin Tendulkar (@sachin_rt) January 4, 2025
രണ്ടാം ഇന്നിങ്‌സില്‍ അഞ്ചാമനായി ക്രീസിലെത്തിയ പന്ത് ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പറത്തിയാണ് തുടങ്ങിയത്. ഒന്നാം ഇന്നിങ്സില്‍ 40 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായ പന്ത് രണ്ടാം ഇന്നിങ്സിൽ നിര്‍ണായക അര്‍ധ സെഞ്ച്വറിയുമായി കളം വാണു. 33 പന്തില്‍ 4 സിക്സും 6 ഫോറും സഹിതം പന്ത് 61 റണ്‍സുമായാണ് കളം വിട്ടത്.
184 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഒരു ഇന്ത്യൻ താരത്തിന്‍റെ ടെസ്റ്റിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഫിഫ്റ്റി കൂടിയാണിത്. ആദ്യ വേഗതയേറിയ ഫിഫ്റ്റിയും പന്തിന്റെ പേരിലാണ്. ശ്രീലങ്കയ്‌ക്കെതിരെ 28 പന്തില്‍ തന്നെയായിരുന്നു ആ ഫിഫ്റ്റിയും നേടിയിരുന്നത്.
Content Highlights: Sachin Tendulkar lavishes praise on Rishabh Pant for 'rattling' Australia