ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പിന്തുണച്ച് ഇതിഹാസ ഓള്‍റൗണ്ടറും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്‌രാജ് സിങ്. കളിക്കളത്തില്‍ താളം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുന്ന രോഹിത്തിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ചാണ് യോഗ്‌രാജ് സംസാരിച്ചത്. കുറ്റപ്പെടുത്തുന്നതിന് പകരം ഉടന്‍ ഫോമിലേക്ക് മടങ്ങിയെത്താന്‍ രോഹിത് ശര്‍മയെ പിന്തുണയ്ക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
'ഇല്ല, രോഹിത്തിന് വിരമിക്കാനുള്ള സമയമായിട്ടില്ല. ഇത് തീര്‍ത്തും തെറ്റാണ്. കളിക്കാര്‍ ജയിക്കുമ്പോള്‍ അവരെ പിന്തുണയ്ക്കുന്ന നമ്മുടെ രാജ്യത്തെ ക്രിക്കറ്റ് ആരാധകര്‍ താരങ്ങളുടെ മോശം അവസ്ഥയില്‍ അവരെ കടന്നാക്രമിക്കുന്നു. ഇത് നമ്മുടെ രാജ്യത്തെ വലിയ പ്രശ്‌നമാണെന്ന് ഞാന്‍ കരുതുന്നു' യോഗ്‌രാജ് പറഞ്ഞു.
Yuvraj Singh father Yograj Singh on Rohit Sharma❤️
— Rohan💫 (@rohann__18) January 4, 2025
When he said: Aaj rohit ko support ki jarurat hai but humlog to usse niche fekh rahe hai🥹
My respect for him 📈
pic.twitter.com/bkbg3i0ASn
ഇന്ത്യയുടെ ഇതിഹാസ ഓപണര്‍ സുനില്‍ ഗാവസ്‌കറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയ യോഗ്‌രാജ് സിംഗ് ഇന്ത്യന്‍ ടീമിലെ ഓരോ കളിക്കാരനും മോശം ഫോമിലൂടെയാണ് കടന്നുപോകുന്നതെന്ന് അവകാശപ്പെട്ടു. ഈ ദുഷ്‌കരമായ കാലഘട്ടത്തില്‍ രാജ്യത്തെ ജനങ്ങളും മാധ്യമങ്ങളും രോഹിത് ശര്‍മയെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
1981ല്‍ സുനില്‍ ഗാവസ്‌കറിന് പന്ത് തൊടാന്‍ പോലും കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന് റണ്‍സ് ലഭിച്ചിരുന്നില്ല. പക്ഷേ അന്ന് ഡ്രെസ്സിങ് റൂമില്‍ പ്രശ്നമൊന്നും ഉണ്ടായില്ല. തനിക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അയാള്‍ക്ക് പോലും അറിയില്ലായിരുന്നു.
എട്ട് ഇന്നിംഗ്സുകളോളം അദ്ദേഹം ഫിഫ്റ്റി സ്‌കോര്‍ ചെയ്യാതെ തുടര്‍ന്നു', യോഗ്‌രാജ് ചൂണ്ടിക്കാട്ടി.
'എന്നാല്‍ പിന്നീട് സുനില്‍ ഗാവസ്‌കര്‍ മോശം അവസ്ഥയെ മറികടന്നു. വീണ്ടും റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ തുടങ്ങി. ഒരിക്കലും മോശം ഫോമിലൂടെ കടന്നുപോകാത്ത ഏതെങ്കിലും ഒരു കളിക്കാരനെ എനിക്ക് കാണിച്ചുതരൂ. ഇന്ന് രോഹിത്തിന് രാജ്യത്തെ ജനങ്ങളുടെയും മാധ്യമങ്ങളുടെയും പിന്തുണ ആവശ്യമാണ്, പക്ഷേ നിങ്ങള്‍ അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട് വലിച്ചുതാഴെയിടുകയാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Yograj Singh blasts critics and backs Rohit Sharma amid struggles