ബോർഡർ- ഗാവസ്‌കർ ട്രോഫിയിലെ ഗ്രൗണ്ടിലെ വിരാട് കോഹ്‌ലിയുടെ അഗ്രസീവ് പ്രതികരണങ്ങളിൽ താരത്തിന് ഉപദേശവുമായി എ ബി ഡിവില്ലിയേഴ്സ്. നിലവിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ ഗ്രൗണ്ടിൽ അനാവശ്യ പ്രശ്നങ്ങൾക്ക് പോകാതിരിക്കുന്നതാണ് നല്ലത് എന്നാണ് ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സിൽ സഹ താരമായിരുന്ന കോഹ്‌ലിയോട് ദക്ഷിണാഫ്രിക്കൻ ഇതിഹാസമായ ഡിവില്ലിയേഴ്സ് പറഞ്ഞത്.
ആക്രമണോത്സുകതയാണ് കോഹ്‌ലിയുടെ മുഖമുദ്രയെങ്കിലും, കരിയറിലെ തന്നെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിൽ എതിർ താരങ്ങളുമായും ആരാധകരുമായും വഴക്കിനു പോകാതിരിക്കുന്നതാണ് ഉചിതമെന്ന് ഡിവില്ലിയേഴ്സ് അഭിപ്രായപ്പെട്ടു. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയിലാണ് ഡിവില്ലിയേഴ്സ് തന്റെ പ്രതികരണം അറിയിച്ചത്.
‘ഇത്തരം ടഫ് സിറ്റുവേഷനുകളെ ഇഷ്ടപ്പെടുന്നയാളാണ് കോഹ്‌ലി. പക്ഷേ, ഫോമിന്റെ കാര്യത്തിൽ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ, ഇത്തരം കാര്യങ്ങളിൽ നിന്ന് സ്വയം വിട്ടുനിൽക്കുന്നതാണ് ബുദ്ധി. അപ്പോൾ പൂർണമായും പന്തിലും റൺസ് നേടുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. അവിടെ പഴയ കോഹ്‌ലിയിലേക്ക് തിരിച്ചുപോകാൻ കഴിയും,' ഡിവില്ലിയേഴ്സ് കൂട്ടിച്ചർത്തു.
ബോർഡർ -ഗാവസ്‌കർ ട്രോഫിയിൽ ഓസീസ് താരം സാം കോൺസ്റ്റാസിനെ സ്ലെഡ്ജ് ചെയ്‍തതിന് താരത്തിന് മാച്ച് ഫീയുടെ 20 ശതമാനം ഫൈൻ ലഭിച്ചിരുന്നു. സിഡ്‌നിയിൽ നടന്ന അഞ്ചാം ടെസ്റ്റിലും കോഹ്‌ലി ആരാധകർക്ക് നേരെ സാൻഡ്പേപ്പർ ആംഗ്യം കാണിച്ച് വിമർശനം ഏറ്റുവാങ്ങിയിരുന്നു.
ഇന്ത്യ ഈ പരമ്പരയിൽ വിജയിച്ച ഒരേയൊരു മത്സരമായ പെർത്തിലെ രണ്ടാം ഇന്നിങ്സിൽ കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നെങ്കിലും ബാക്കിയുള്ള ഇന്നിങ്‌സുകളിലൊന്നും താരത്തിന് തിളങ്ങാനായിരുന്നില്ല. ബാക്കി ഏഴ് ഇന്നിങ്‌സുകളിൽ നിന്ന് 67 റൺസ് മാത്രമാണ് താരം നേടിയത്. 2024 കലണ്ടർ വർഷത്തിലും മോശം പ്രകടനമാണ് താരം കാഴ്ച വെച്ചത്.
10 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 19 ഇന്നിംഗ്സ് കളിച്ചപ്പോൾ രണ്ടാമനായി ഇറങ്ങിയ താരം നേടിയത് 419 റൺസ് മാത്രം. 24 റൺസാണ് ബാറ്റിങ് ആവറേജ്. നേടിയത് ഒരു സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും മാത്രമാണ് ഉള്ളത്.
Content Highlights: AB de Villiers advises the player on Virat Kohli's aggressive responses