ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംമ്ര നല്‍കിയ സംഭാവനയെ പ്രശംസിച്ച് മുന്‍ താരവും ഇതിഹാസ സ്പിന്നറുമായ ഹര്‍ഭജന്‍ സിങ്. ബുംമ്ര ഇല്ലായിരുന്നെങ്കില്‍ ടെസ്റ്റ് പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും ഓസ്‌ട്രേലിയയോട് ഇന്ത്യ അടിയറവ് പറയുമായിരുന്നുവെന്നാണ് ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടത്. പരമ്പരയില്‍ ബുംമ്രയുടെ സാന്നിധ്യമാണ് ഈ നിലയിലുള്ള ആശ്വാസമെങ്കിലും ഇന്ത്യയ്ക്ക് സമ്മാനിച്ചതെന്നും താരം പറഞ്ഞു.
'ജസ്പ്രിത് ബുംമ്ര ഇല്ലായിരുന്നെങ്കില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര 5-0ന് ഇന്ത്യ അടിയറവ് വെക്കുമായിരുന്നു. പെര്‍ത്തില്‍ ജാസിയാണ് (ബുംമ്ര) ഇന്ത്യയെ രക്ഷിച്ചത്. അഡലെയ്ഡിന് ശേഷം നടന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യയെ രക്ഷപ്പെടുത്തിയ ഏക താരവും ബുംമ്രയാണ്. പരമ്പരയില്‍ ബുംമ്ര ഇല്ലായിരുന്നെങ്കില്‍ 5-0ത്തിനോ 4-0ത്തിനോ ഇന്ത്യ പരാജയപ്പെടുമായിരുന്നു', ഹര്‍ഭജന്‍ പറഞ്ഞു.
സിഡ്‌നി ടെസ്റ്റില്‍ ആറ് വിക്കറ്റിന് പരാജയം വഴങ്ങിയതോടെയാണ് ടെസ്റ്റ് പരമ്പര 3-1ന് ഇന്ത്യ കൈവിട്ടത്. ബാേര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തോറ്റെങ്കിലും ഓസ്‌ട്രേലിയക്കെതിരെ മിന്നുന്ന പ്രകടനം പുറത്തെടുത്ത പേസര്‍ ജസ്പ്രിത് ബുംമ്ര പരമ്പരയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിഡ്നി ടെസ്റ്റില്‍ 10 ഓവര്‍ മാത്രമെറിഞ്ഞ് പരിക്കേറ്റ് മടങ്ങിയെങ്കിലും അഞ്ച് മത്സരങ്ങളില്‍ നിന്ന് 32 വിക്കറ്റുകള്‍ ബുംമ്ര പിഴുതു. അത്യാവശ്യ ഘട്ടങ്ങളില്‍ ബാറ്റ് കൊണ്ടും തിളങ്ങിയിട്ടുണ്ട് ബുംമ്ര.
പരമ്പരയില്‍ ഇന്ത്യ ജയിച്ച ഏക ടെസ്റ്റ് നയിച്ചതും ബുംമ്രയാണ്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച ബുംമ്ര 295 റണ്‍സിന്റെ കൂറ്റന്‍ വിജയം സമ്മാനിച്ചു. സിഡ്നി ടെസ്റ്റില്‍ നിന്ന് രോഹിത് ശര്‍മ വിട്ടു നിന്നപ്പോള്‍ ബുംമ്രയാണ് ഇന്ത്യയെ നയിച്ചത്. സിഡ്നിയിലെ രണ്ടാം ഇന്നിംഗ്സില്‍ പരിക്കുമൂലം ബുംമ്രയ്ക്ക് പന്തെറിയാനാവാഞ്ഞതാണ് ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ ഇല്ലാതാക്കിയത്.
Content Highlights: India would've lost 5-0 to Australia without Jasprit Bumrah says Harbhajan Singh