ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ സ്വന്തം പ്രകടനത്തെ വിലയിരുത്തി പാകിസ്താൻ താരം ബാബർ അസം. രണ്ട് ഇന്നിംഗ്സിലെയും പ്രകടനത്തിൽ താൻ നിരാശനാണ്. താൻ മികച്ച രീതിയിൽ രണ്ട് ഇന്നിംഗ്സിലും ബാറ്റ് ചെയ്തു. എന്നാൽ നന്നായി ഇന്നിംഗ്സ് അവസാനിപ്പിക്കാൻ തനിക്ക് കഴിഞ്ഞില്ല. ക്രീസിൽ ഉറച്ച് ഉറച്ച് നിൽക്കാൻ കഴിഞ്ഞാൽ പിന്നെ മികച്ച ഇന്നിംഗ്സ് പൂർത്തിയാക്കാൻ കഴിയണം. അതുകൊണ്ടാണ് വിക്കറ്റ് നഷ്ടപ്പെട്ടപ്പോൾ താൻ നിരാശനായത്. മൂന്നാം ദിവസത്തെ മത്സരം അവസാനിക്കാൻ 15 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് തന്റെ വിക്കറ്റ് നഷ്ടമായത്. ബാബർ അസം പ്രതികരിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ബാബർ അസം 58 റൺസും രണ്ടാം ഇന്നിംഗ്സിൽ 81 റൺസും നേടാൻ ബാബറിന് കഴിഞ്ഞു. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ സെഞ്ച്വറി വരൾച്ച അവസാനിപ്പിക്കാൻ ബാബറിന് കഴിഞ്ഞില്ല. 2022 ഡിസംബറിൽ ന്യൂസിലാൻഡിനെതിരെയാണ് ബാബർ അവസാനമായി ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയത്. 2023 ആഗസ്റ്റിൽ നേപ്പാളിനെതിരെയാണ് ഏകദിന ക്രിക്കറ്റിൽ ബാബറിന്റെ അവസാന സെഞ്ച്വറി പിറന്നത്.
അതിനിടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ പാകിസ്താൻ പൊരുതുകയാണ്. മത്സരത്തിന്റെ മൂന്നാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ പാകിസ്താൻ ഒരു വിക്കറ്റ് നഷ്ടത്തിൽ 213 റൺസെന്ന നിലയിലാണ്. ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ പാകിസ്താന് ഇനി 208 റൺസ് കൂടി വേണം. സ്കോർ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ 615. പാകിസ്താൻ ഒന്നാം ഇന്നിംഗ്സ് 194, രണ്ടാം ഇന്നിംഗ്സ് ഒന്നിന് 213 (ഫോളോ ഓൺ).
നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 64 റൺസെന്ന നിലയിലാണ് പാകിസ്താൻ മൂന്നാം ദിവസം രാവിലെ ബാറ്റിങ് ആരംഭിച്ചത്. 194 റൺസിൽ പാക് പടയുടെ ആദ്യ ഇന്നിംഗ്സ് പോരാട്ടം അവസാനിച്ചു. 58 റൺസെടുത്ത ബാബർ അസം, 46 റൺസെടുത്ത മുഹമ്മദ് റിസ്വാൻ എന്നിവരാണ് പാകിസ്താനായി അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി കഗീസോ റബാദ മൂന്ന് വിക്കറ്റെടുത്തു.
രണ്ടാം ഇന്നിംഗ്സിൽ ഷാൻ മസൂദും ബാബർ അസമും ചേർന്ന് പാകിസ്താന് മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും 205 റൺസ് കൂട്ടിച്ചേർത്തു. 81 റൺസെടുത്താണ് ബാബർ പുറത്തായത്. ഷാൻ മസൂദ് 102 റൺസുമായി ക്രീസിൽ തുടരുന്നു.
Content Highlights: Babar Azam said "Disappointed" As Test Century Drought Continues