ബോർഡർ-ഗാവസ്കർ ട്രോഫി ക്രിക്കറ്റ് പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ വിമർശനം ഉന്നയിച്ച് മുൻ താരം സൗരവ് ഗാംഗുലി. പരമ്പരയിൽ ഇന്ത്യൻ ബാറ്റർമാരുടേത് മോശം പ്രകടനമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച ബാറ്റിങ് പുറത്തെടുത്തില്ലെങ്കിൽ മത്സരം വിജയിക്കാൻ കഴിയില്ല. 170, 180 റൺസ് നേടിയാൽ ടെസ്റ്റിൽ വിജയിക്കാൻ സാധിക്കില്ല. അതിന് 350 മുതൽ 400 റൺസ് വരെ നേടണം. സൗരവ് ഗാംഗുലി പ്രതികരിച്ചു.
വിരാട് കോഹ്‍ലിയുടെ മോശം ഫോമിലും ഗാംഗുലി പ്രതികരണം നടത്തി. കോഹ്‍ലിക്ക് സമീപകാലത്തെ മോശം ഫോമിൽ നിന്ന് തിരിച്ചുവരാൻ സാധിക്കുമെന്നാണ് ഗാംഗുലിയുടെ പ്രതികരണം. കോഹ്‍ലി മികച്ചൊരു താരമാണെന്നും ഗാംഗുലി പറയുന്നു. പരമ്പരയിൽ അഞ്ച് മത്സരങ്ങളിൽ നിന്നായി 190 റൺസ് മാത്രമാണ് വിരാട് കോഹ്‍ലിക്ക് നേടാനയത്. പെർത്തിലെ സെഞ്ച്വറി മാത്രമാണ് താരത്തിന് ഏക ആശ്വാസം.
10 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ബോർഡർ-ഗാവസ്കർ ട്രോഫിയിൽ പരാജയപ്പെടുന്നത്. പരമ്പരയിൽ പെർത്തിൽ നടന്ന ആദ്യ മത്സരം മാത്രമാണ് ഇന്ത്യക്ക് വിജയിക്കാനായത്. ബ്രിസ്ബെയ്നിലെ മൂന്നാം ടെസ്റ്റ് സമനിലയിലായി. ബാക്കി മൂന്ന് മത്സരങ്ങളും വിജയിച്ച് ഓസ്ട്രേലിയ 3-1ന് ബോർഡർ-ഗാവസ്കർ ട്രോഫി പരമ്പരയിൽ വിജയം സ്വന്തമാക്കി.
Content Highlights: Ganguly Reacts After India Lose Border-Gavaskar Trophy