ബോർഡർ-ഗാവസ്കർ ട്രോഫി ക്രിക്കറ്റ് പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ വിമർശനം ഉന്നയിച്ച് മുൻ താരം മുഹമ്മദ് കൈഫ്. ഫെബ്രുവരി 23ന് ചാംപ്യൻസ് ട്രോഫിയിൽ പാകിസ്താനെ തോൽപ്പിക്കുമ്പോൾ ഇന്ത്യൻ ടീമിന് ഒരുപാട് പ്രശംസകൾ ലഭിക്കും. വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യ ഒരു ചാംപ്യൻ ടീമാണെന്ന് ആരാധകർ പറയും. എന്നാൽ ടെസ്റ്റ് ചാംപ്യൻഷിപ്പ് വിജയിക്കണമെങ്കിൽ ഇന്ത്യയ്ക്ക് മികച്ചൊരു ടെസ്റ്റ് ടീം വേണം. സമൂഹമാധ്യമ പേജിൽ കൈഫ് ചൂണ്ടിക്കാട്ടി.
പേസ് ബൗളിങ്ങിന് അനുകൂലമായ പിച്ചിൽ എങ്ങനെ കളിക്കണമെന്ന് ഇന്ത്യൻ താരങ്ങൾ അറിയണം. ഇപ്പോൾ ഇന്ത്യൻ ടീം വൈറ്റ് ബോൾ ക്രിക്കറ്റ് മാത്രം കളിക്കുന്ന ടീമായി മാറിയിരിക്കുകയാണ്. നാം ഒരുപാട് മോശമായിരിക്കുന്നു. ടെസ്റ്റ് ചാംപ്യനാകാൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടത് അത്യാവശ്യമാണ്. സ്പിന്നർമാർക്ക് അനുകൂലമായ പിച്ചിൽ കളിക്കാൻ ആഭ്യന്തര ക്രിക്കറ്റ് സഹായിക്കുന്നു. അതുപോലെ പേസിന് അനുകൂലമായ ട്രാക്കുകളിലും ഇന്ത്യൻ ടീം പരിശീലനം നടത്തണം. അല്ലാത്തപക്ഷം ഇന്ത്യൻ ടീമിന് ടെസ്റ്റ് ചാംപ്യൻഷിപ്പ് വിജയിക്കാൻ കഴിയില്ല. കൈഫ് വ്യക്തമാക്കി.
10 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ബോർഡർ-ഗാവസ്കർ ട്രോഫിയിൽ പരാജയപ്പെടുന്നത്. പരമ്പരയിൽ പെർത്തിൽ നടന്ന ആദ്യ മത്സരം മാത്രമാണ് ഇന്ത്യക്ക് വിജയിക്കാനായത്. ബ്രിസ്ബെയ്നിലെ മൂന്നാം ടെസ്റ്റ് സമനിലയിലായി. ബാക്കി മൂന്ന് മത്സരങ്ങളും വിജയിച്ച് ഓസ്ട്രേലിയ 3-1ന് ബോർഡർ-ഗാവസ്കർ ട്രോഫി പരമ്പരയിൽ വിജയം സ്വന്തമാക്കി.
Content Highlights: Mohammad Kaif points out why India unable to win WTC