എതിർ ക്യാപ്റ്റൻമാരെ മാനസികമായി തകർക്കാനുള്ള ഓസ്‌ട്രേലിയയുടെ പരമ്പരാഗത തന്ത്രത്തിന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കീഴടങ്ങിയെന്ന് മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ കെറി ഒകീഫ്. 'മറ്റ് ഇന്ത്യൻ താരങ്ങൾ ഓസീസിന്റെ ഈ തന്ത്രത്തെ മറികടക്കാൻ ശ്രമിച്ചെങ്കിലും ക്യാപ്റ്റൻ മാനസികമായി തളർന്നുവെന്നും അത് ടീമിന്റെ മൊത്തം പ്രകടനത്തെ ബാധിച്ചുവെന്നും കെറി ഒകീഫ് പറഞ്ഞു.
ജസ്പ്രീത് ബുംമ്ര, വിരാട് കോഹ്‌ലി, ജയ്‌സ്വാൾ തുടങ്ങി എല്ലാ താരങ്ങൾക്ക് മേലും മാനസിക ആധിപത്യം നേടാൻ ഓസീസ് ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇവരെല്ലാം അതേ നാണയത്തിൽ മറുപടി നൽകുകയാണ് ചെയ്തത്. അഗ്രസീവ് പ്രതികരണങ്ങളിലൂടെ ചില ഇന്ത്യൻ താരങ്ങൾ തങ്ങളുടെ ആത്മ വിശ്വാസം വർധിപ്പിച്ചു, ഇത് അവർക്ക് ഗുണമാകുകയും ചെയ്തതായി ഒകീഫ് കൂട്ടിച്ചേർത്തു.
ഇന്ത്യ 1-3ന് പരമ്പര അടിയറവ് പറഞ്ഞപ്പോൾ ഏറ്റവും മോശം പ്രകടനമാണ് രോഹിത് നടത്തിയത്. മൂന്ന് ടെസ്റ്റുകളിൽ നിന്ന് 6.20 ശരാശരിയിൽ 31 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഒടുവിൽ അഞ്ചാം ടെസ്റ്റിൽ നിന്ന് താരത്തെ മാറ്റി നിർത്തുകയും ചെയ്തു. ആദ്യമായിട്ടായിരുന്നു
ഇന്ത്യൻ ക്രിക്കറ്റിൽ ഫോമില്ലായ്മയെ തുടർന്ന് പരമ്പരയ്ക്കിടെ ഒരു ഇന്ത്യൻ ക്യാപ്റ്റന് മാറി നിൽക്കേണ്ടി വരുന്നത്.
ഇനി ജനുവരിയിൽ ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയാണ് ഇന്ത്യയുടെ അടുത്ത പര്യടനം. ശേഷം നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയാണ് ഈ വർഷം നടക്കാനിരിക്കുന്ന ഐസിസിയുടെ പ്രധാന ടൂർണമെന്റ്.
Content Highlights: Rohit Sharma lost to Australia mental tactics; former aus player Kerry O'Keeffe