പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് പത്ത് വിക്കറ്റിന്റെ തകർപ്പൻ ജയം. പാകിസ്താൻ രണ്ടാം ഇന്നിങ്സിൽ 478 റൺസ് നേടിയെങ്കിലും 615 ന്റെ ഒന്നാം ഇന്നിങ്സിന്റെ കരുത്തിൽ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സിൽ ഏഴ് ഓവറില്‍ 58 റൺസ് കൂടി നേടി കളി തീർത്തു. ആദ്യ ഇന്നിങ്സിൽ പാകിസ്താനെ 194 റൺസിന് ദക്ഷിണാഫ്രിക്ക ഓൾ ഔട്ടാക്കിയിരുന്നു.
അതേസമയം പാകിസ്താൻ ക്യാപ്റ്റൻ ഷാൻ മസൂദിൻ്റെ തകർപ്പൻ സെഞ്ച്വറിയും ഫോളോ-ഓൺ പരാജയം മറികടക്കാൻ പാകിസ്താൻ നടത്തിയ ധീരമായ ചെറുത്തുനിൽപ്പും കളിയെ ആവേശഭരിതമാക്കി. ഷാൻ മസൂദ് 145 റൺസ് നേടി പ്രോട്ടീസ് മണ്ണിലെ ഒരു പാക് ബൗളറുടെ ഏറ്റവും മികച്ച ടെസ്റ്റ് സ്‌കോർ നേടി ചരിത്രം കുറിച്ചപ്പോള്‍ ബാബർ അസം (81) സൽമാൻ ആഘ (48), മുഹമ്മദ് റിസ്‌വാൻ (41) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ബാബർ ആദ്യ ഇന്നിങ്സിലും ഫിഫ്റ്റി നേടിയിരുന്നു.
റയാൻ റിക്കിൽടണിന്റെ ഡബിൾ സെഞ്ച്വറിയുടെയും ടെംപ ബാവുമ, വരെയ്ന എന്നിവരുടെ സെഞ്ച്വറിയുടെയും മികവിലാണ് ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സിൽ 615 റൺസ് നേടിയിരുന്നത്. രണ്ടാം ഇന്നിങ്സിൽ പാകിസ്താൻ തിരിച്ചടിച്ചെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ വെല്ലുവിളി ഉയർത്താനായില്ല. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ മത്സരം ദക്ഷിണാഫ്രിക്ക നേരത്തെ രണ്ട് വിക്കറ്റിന് സ്വന്തമാക്കിയിരുന്നു. വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിങ്ങിലും ദക്ഷിണാഫ്രിക്ക ഒന്നാമതെത്തി.
Content Highlights: RSA vs PAK: Southafrica win for 10 wickets