സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് അനുകൂലമായ പോസ്റ്റിട്ടതിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് പ്രശസ്ത ബോളിവുഡ് നടി വിദ്യ ബാലന്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ താളം കണ്ടെത്താനാവാതിരുന്നതിന് പിന്നാലെ അഞ്ചാം ടെസ്റ്റില്‍ നിന്ന് രോഹിത് വിട്ടുനിന്നിരുന്നു. തുടര്‍ന്ന് പേസര്‍ ജസ്പ്രിത് ബുംമ്രയാണ് സിഡ്‌നിയില്‍ ഇന്ത്യയെ നയിച്ചത്.
നിര്‍ണായക മത്സരത്തില്‍ വിട്ടുനിന്ന രോഹിത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തും മോശം ഫോമില്‍ വിമര്‍ശിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് വിദ്യ ബാലന്‍ അപ്രതീക്ഷിത പോസ്റ്റുമായി രംഗത്തെത്തുന്നത്. 'രോഹിത് ശര്‍മ സൂപ്പര്‍ സ്റ്റാറാണ്. ഇടയ്‌ക്കൊരു ഇടവേളയെടുത്ത് വിശ്രമം നയിക്കാന്‍ അപാരമായ ധൈര്യം ആവശ്യമുണ്ട്. താങ്കള്‍ക്ക് കൂടുതല്‍ കരുത്ത് ലഭിക്കട്ടെ, ബഹുമാനം', എന്നാണ് രോഹിത് ശര്‍മയെ ടാഗ് ചെയ്തുകൊണ്ട് വിദ്യ എക്‌സില്‍ കുറിച്ചത്. രോഹിത് ശര്‍മയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള വിദ്യ ബാലന്റെ പോസ്റ്റ് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
Rohit Sharma, what a SUPERSTAR 🤩!!
— vidya balan (@vidya_balan) January 4, 2025
To take a pause & catch your breath requires courage … More power to you … Respect 🙌 !! @ImRo45
ഇതിന് പിന്നാലെ രോഹിത്തിന്റെ പിആര്‍ നടി ഏറ്റെടുത്തിരിക്കുന്നുവെന്ന വിമര്‍ശനവുമായി ഒരുകൂട്ടം ആരാധകര്‍ രംഗത്തെത്തി. ഇന്ത്യന്‍ ടീമില്‍ മോശം പ്രകടനം പുറത്തെടുക്കുന്ന ക്യാപ്റ്റന് വേണ്ടി പിആര്‍ ടീം സോഷ്യല്‍ മീഡിയ ക്യാംപയിന്‍ നടത്തുന്നുവെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ ആരോപണങ്ങളില്‍ പ്രതികരിച്ച് നടിയുടെ പിആര്‍ ടീം രംഗത്തെത്തി. നടിയുടെ പ്രസ്താവന രോഹിത്തിന്റെ പിആര്‍ ടീമിന്റെ നിര്‍ദേശപ്രകാരമല്ലെന്നാണ് പ്രസ്താവന. സ്വന്തം ഇഷ്ടപ്രകാരമാണ് വിദ്യ ഈ പോസ്റ്റിട്ടതെന്നും ഒരു പിആര്‍ ടീമിനും വേണ്ടിയല്ലെന്നും ഈ മറുപടിയില്‍ പറയുന്നു.
'അവസാന ടെസ്റ്റ് മത്സരത്തില്‍ നിന്ന് താരമെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും പിന്മാറിയ രോഹിത് ശര്‍മയുടെ തീരുമാനത്തില്‍ ആരാധന പ്രകടിപ്പിച്ച് വിദ്യ ബാലന്‍ പോസ്റ്റ് ചെയ്ത ട്വീറ്റുമായി ബന്ധപ്പെട്ട് ചില അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. രോഹിത്തിന്റെ പിആര്‍ ടീം പറഞ്ഞിട്ടല്ല, മറിച്ച് താരത്തിന്റെ നിസ്വാര്‍ഥ ഇടപെടലില്‍ ആകൃഷ്ടയായി സ്വന്തം ഇഷ്ടപ്രകാരമാണ് വിദ്യ ആ പോസ്റ്റിട്ടത്. വിദ്യ കടുത്ത സ്പോര്‍ട്സ് ആരാധികയൊന്നുമല്ല. എന്നാല്‍ സമ്മര്‍ദ്ദം നിറഞ്ഞ ഘട്ടങ്ങളില്‍ മാന്യതയും നിലവാരവും പ്രകടിപ്പിക്കുന്നവരെ അവര്‍ ആഴത്തില്‍ ബഹുമാനിക്കുന്നു. പ്രശംസനീയമായി തോന്നിയ ഒരു സംഗതിയില്‍ സ്വാഭാവികമായുണ്ടായ പ്രതികരണത്തെ മറ്റെന്തെങ്കിലുമായി ബന്ധപ്പെടുത്തുന്നത് അപഹാസ്യമായ കാര്യമാണ്', വിദ്യ ബാലന്റെ സോഷ്യല്‍ മീഡിയ ടീം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
Content Highlights: Vidya Balan Denies PR Allegations Over Rohit Sharma Post