റാഷിദിന്‍റെ സ്പിന്നില്‍ കറങ്ങിവീണ് സിംബാബ്‌വെ; ടെസ്റ്റ് പരമ്പരയും അഫ്ഗാന് സ്വന്തം

സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരകളും അഫ്​ഗാൻ പട സ്വന്തമാക്കിയിരുന്നു

dot image

സിംബാബ്‌വെയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയും സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. രണ്ടാം ടെസ്റ്റില്‍ 72 റണ്‍സിന് സിംബാബ്‌വെയെ തകർത്തതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 1-0ത്തിനാണ് അഫ്​ഗാൻ പിടിച്ചെടുത്തത്. ഒന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.

ഒന്നാം ഇന്നിങ്‌സില്‍ 157 റണ്‍സിനു ഓൾഔട്ടായ അഫ്ഗാന്‍ മികച്ച രീതിയില്‍ മത്സരം തിരിച്ചുപിടിക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 363 റണ്‍സാണ് അവര്‍ എടുത്തത്. ഒന്നാം ഇന്നിങ്‌സില്‍ സിംബാബ്‌വെ 243 റണ്‍സെടുത്ത് ലീഡെടുത്തിരുന്നു. സിംബാബ്‌വെയ്ക്ക് വിജയിക്കാന്‍ 278 റണ്‍സായിരുന്നു ആവശ്യം. എന്നാല്‍ സിംബാബ്‌വെയുടെ ഇന്നിങ്സ് 205 റണ്‍സില്‍ അവസാനിപ്പിച്ച് അഫ്​ഗാൻ വിജയവും പരമ്പരയും വിജയിച്ചു.

സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാന്റെ വെടിക്കെട്ട് ബൗളിങ്ങാണ് അഫ്ഗാനെ അനായാസ വിജയത്തിലേയ്ക്ക് നയിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റുകൾ‌ സ്വന്തമാക്കിയ റാഷിദാണ് സിംബാബ്‌വെയെ തകര്‍ത്തത്. ഒന്നാം ഇന്നിങ്‌സില്‍ റാഷിദ് നാല് വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ റാഷിദിന്റെ മികച്ച ബൗളിങ് ഫിഗര്‍ കൂടിയാണിത്.

രണ്ടാം ഇന്നിങ്‌സില്‍ അഫ്ഗാന് വേണ്ടി റഹ്മത്ത് ഷാ (139), ഇസ്മത് ആലം (101) എന്നിവര്‍ സെഞ്ച്വറി നേടി. സിംബാബ്‌വെ നിരയില്‍ ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിന്‍ രണ്ട് ഇന്നിങ്‌സുകളിലും അര്‍ധ സെഞ്ച്വറി അടിച്ചെടുത്തു. ഒന്നാം ഇന്നിങ്‌സില്‍ 75 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 53 റണ്‍സും താരം നേടി.

അഫ്​ഗാൻ‌റെ നാലാം ടെസ്റ്റ് വിജയമാണിത്. സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരകളും അഫ്​ഗാൻ പട സ്വന്തമാക്കിയിരുന്നു.

Content Highlights: ZIM vs AFG: Rashid Khan Shines Again As Afghanistan Seal Zimbabwe Series

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us