അടുത്ത മാസം ഒടുവിൽ ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരം ഇംഗ്ലണ്ട് ബഹിഷ്കരിക്കരണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് നേതാക്കൾ. 2021ൽ അഫ്ഗാനിൽ താലിബാൻ ഭരണകൂടം അധികാരത്തിലേറിയ ശേഷം വനിതാ കായിക താരങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിനെ തുടർന്നാണ് ബ്രിട്ടീഷ് നേതാക്കൾ ബഹിഷ്കരണ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
റിഫോം-യുകെ പാർട്ടി നേതാവ് നൈജൽ ഫെറാജ്, ലേബർ പാർട്ടി മുൻ നേതാവ് ജെറമി കോർബിൻ എന്നിവരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടത്തിന് കീഴിൽ വനിതകൾ നേരിടുന്ന ക്രൂരതകളെക്കുറിച്ച് തുറന്നു സംസാരിക്കേണ്ടതുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഈ നടപടിയെ അപലപിക്കാൻ തയ്യാറാകണം. ഐസിസി നിയമങ്ങളിൽ എല്ലാ രാജ്യങ്ങളിലെയും വനിതാ ക്രിക്കറ്റിന്‍റെ ഉയർച്ചയ്ക്ക് പ്രാധാന്യം നല്‍കുന്നുണ്ട്. എന്നിട്ടും അഫ്ഗാനിസ്ഥാനുമായി ക്രിക്കറ്റ് പരമ്പരകൾ കളിക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് തയ്യാറാകുന്നു. ഐസിസിയുടെ ഭാഗത്ത് നിന്ന് നടപടികൾ ഇല്ലാത്തതിനാൽ ഇംഗ്ലണ്ട് ക്രിക്കറ്റ് എങ്കിലും പ്രതികരിക്കാന്‍ തയ്യാറാകണമെന്ന് ബ്രട്ടീഷ് നേതാക്കൾ ആവശ്യപ്പെട്ടു.
ചാംപ്യൻസ് ട്രോഫിയിൽ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് അഫ്ഗാനിസ്ഥാനും ഇംഗ്ലണ്ടും ഉൾപ്പെടുന്നത്. ഫെബ്രുവരി 26നാണ് അഫ്ഗാനിസ്ഥാൻ ഇംഗ്ലണ്ടിനെ നേരിടുന്നത്. ക്രിക്കറ്റിൽ പുതിയൊരു ശക്തിയായി അഫ്ഗാനിസ്ഥാൻ ഉയർന്നുവരുമ്പോഴാണ് ബ്രട്ടീഷ് രാഷ്ട്രീയ നേതാക്കളുടെ ഭാഗത്ത് നിന്നും താലിബാൻ ഭരണകൂടത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നത്. 2023 ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാൻ പരാജയപ്പെടുത്തിയിരുന്നു. പിന്നാലെ 2024ലെ ട്വന്റി 20 ലോകകപ്പിൽ സെമിയിൽ എത്താനും അഫ്ഗാന് സാധിച്ചിരുന്നു.
Content Highlights: England Urged To Boycott Afghanistan Match By British Politicians