ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റാണ് 2025 കലണ്ടർ വർഷത്തിലെ ക്രിക്കറ്റിലെ പ്രധാന ടൂര്‍ണമെന്‍റ്.
ഫെബ്രുവരി 19 മുതലാണ് ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നത്. പാകിസ്ഥാനിലെ
ആഭ്യന്തര സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയുടെ മുഴുവൻ മാച്ചുകളും ദുബായിൽ വെച്ചാണ് നടക്കുന്നത്. ബിസിസിഐയുടെയും ഐസിസിയുടെയും കടുത്ത സമ്മർദ്ദത്തിനൊടുവിലാണ് ടൂർണമെന്റ് ഹൈബ്രിഡ് മോഡലിൽ നടത്താൻ പാക് ക്രിക്കറ്റ് ബോർഡ് സമ്മതം മൂളിയത്.
എന്നാൽ ഈ നീക്കത്തിലൂടെ ഇന്ത്യൻ ടീം അന്യായമായ ആധിപത്യം മറ്റ് ടീമുകൾക്കെതിരെ നേടിയതായി ചില പാകിസ്താൻ മുൻ താരങ്ങൾ അഭിപ്രായപ്പെടുന്നു. ഇന്ത്യ ടൂർണമെന്റിലെ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയാൽ സെമിഫൈനലും ഫൈനലും ഉൾപ്പെടെ എല്ലാ മത്സരങ്ങളും ദുബായിലാവും കളിക്കുക. ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരം മുതൽ ദുബായിൽ കളിച്ചു തുടങ്ങുന്ന ഇന്ത്യയ്ക്ക് ഗ്രൗണ്ടുമായി നേരത്തെ തന്നെ പരിചയത്തിലാകാനുള്ള അവസരമാണ് ലഭിക്കുന്നത്.
വ്യത്യസ്ത ഗ്രൗണ്ടുകളിലേക്കുള്ള യാത്രയും അത് മൂലമുള്ള ബുദ്ധിമുട്ടുകളും ഇന്ത്യൻ ടീമിന് ഒഴിവായി കിട്ടും. ഇത് ഇന്ത്യയ്ക്ക് മാത്രം കിട്ടുന്ന അഡ്വാന്റേജ് ആണ്. ഇത് ടൂർണമെന്റിന്റെ സന്തുലിതാവസ്ഥ നശിപ്പിക്കും, മുൻ പാക് ബൗളർ സലിം അൽതാഫ് പറഞ്ഞു. മുൻ പാകിസ്താൻ ക്യാപ്റ്റൻ ഇൻതിഖാബ് ആലം അൽതാഫിനോട് യോജിച്ചു. മറ്റ് ടീമുകളെ വെച്ച് നോക്കുമ്പോൾ ഇത് ന്യായമല്ല. മറ്റ് ക്രിക്കറ്റ് ബോർഡുകൾ ഇതുവരെ ഒരു എതിർപ്പും ഉന്നയിക്കാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു, ഇൻതിഖാബ് പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫി ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെയാണ് നടക്കുക. ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരം ഫെബ്രുവരി 23 നാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. പാകിസ്താൻ, ബംഗ്ലാദേശ്, ന്യൂസിലാൻഡ് എന്നിവയാണ് ഇന്ത്യയുടെ പൂളിലെ മറ്റ് ടീമുകൾ.
Content Highlights: India is the only team that knows in advance where the semis and finals will be played in champions trophy