ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ ജനുവരി 12ന് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. ബോർഡർ-ഗാവസ്കർ ട്രോഫിക്കിടെ പരിക്കേറ്റ ജസ്പ്രീത് ബുംമ്രയുടെ കാര്യത്തിലാണ് ഇന്ത്യൻ ക്യാംപിൽ ആശങ്കയുള്ളത്. ഒരാഴ്ച മുതൽ ആറ് ആഴ്ച വരെ ബുംമ്രയ്ക്ക് വിശ്രമം വേണ്ടി വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ ജനുവരി അവസാനവും ഫെബ്രുവരി ആദ്യവുമായി നടക്കുന്ന ഇംഗ്ലണ്ട് പരമ്പരയിൽ ബുംമ്ര കളിച്ചേക്കില്ല. അടുത്ത മാസം ഒടുവിലാണ് ചാംപ്യൻസ് ട്രോഫി തുടങ്ങുക.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും ചാംപ്യൻസ് ട്രോഫിയിലും യശസ്വി ജയ്സ്വാൾ ഇടം പിടിച്ചേക്കും. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിൽ മുഹമ്മദ് സിറാജിന് വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്. പകരമായി ഏകദിന പരമ്പരയ്ക്കും ചാംപ്യൻസ് ട്രോഫിയിലും സിറാജിനെ ഉൾപ്പെടുത്തും. വാഷിങ്ടൺ സുന്ദർ, അർഷ്ദീപ് സിങ് എന്നിവരും ചാംപ്യൻസ് ട്രോഫി കളിക്കാൻ സാധ്യതയുണ്ട്.
ജനുവരി 12ന് ടീമിനെ പ്രഖ്യാപിക്കാനാണ് സാധ്യത. പാകിസ്താനും ബംഗ്ലാദേശും ന്യൂസിലാൻഡും ഉൾപ്പെട്ട ഗ്രൂപ്പ് ബിയിലാണ് ഇന്ത്യയുടെ സ്ഥാനം. ടീം പ്രഖ്യാപനത്തിനൊപ്പം ബിസിസിഐയുടെ പുതിയ സെക്രട്ടറിയേയും പ്രഖ്യാപിച്ചേക്കും. മുൻ സെക്രട്ടറി ജയ് ഷാ ഐസിസി ചെയർമാനായതോടെയാണ് പുതിയ സെക്രട്ടറിയെ ആവശ്യമായി വന്നത്.
Content Highlights: Indian Team for Champions trophy might be announced on January 12