ബോർഡർ ഗവാസ്‌കർ ട്രോഫി തിരിച്ചടിക്ക് ശേഷം ചാമ്പ്യൻസ് ട്രോഫിക്ക് വേണ്ടി ഒരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് ആശ്വാസവാർത്ത. ജസ്പ്രിത് ബുംറയ്ക്ക് പരിക്കേറ്റതോടെ ക്ഷീണത്തിലായ ഇന്ത്യന്‍ പേസ് നിരയെ നയിക്കാൻ മുഹമ്മദ് ഷമി തിരിച്ചെത്തിയേക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോർട്ടുകൾ. ദേശീയ ടീമിൽ നിന്ന് വളരെക്കാലം വിട്ടുനിൽക്കുകയായിരുന്ന പേസർ മുഹമ്മദ് ഷമി തിരിച്ചുവരുന്നതിന്റെ സൂചന താരം തന്നെ നൽകിയിരിക്കുകയാണ്.
ഫെബ്രുവരി 19 ന് ആരംഭിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ താൻ സെലക്ഷന് തയ്യാറാണെന്നാണ് ഷമി തെളിവുസഹിതം അറിയിച്ചിരിക്കുന്നത്. നെറ്റ്സില്‍ പരിശീലനം നടത്തുന്ന ഒരു വീഡിയോയാണ് ഷമി എക്സില്‍ പങ്കുവെച്ചിട്ടുള്ളത്.
'കൃത്യതയും വേഗതയും അഭിനിവേശവും. ലോകം ഏറ്റെടുക്കാൻ തയ്യാറാണ്”, എന്ന ക്യാപ്ഷനോടെയാണ് ഷമി സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ‘ടീം ഇന്ത്യ’ എന്ന് ടാഗ് ചെയ്തുകൊണ്ടാണ് ഷമി വീഡിയോ പങ്കുവെച്ചത്. 27 സെക്കന്‍റ് ദൈർഘ്യമുള്ള വിഡിയോയിൽ പരിക്കിന്‍റെ ലക്ഷണങ്ങളില്ലാതെ നെറ്റ്സില്‍ പന്തെറിയുന്ന ഷമി മിഡില്‍ സ്റ്റംപ് എറിഞ്ഞിടുന്നത് കാണാം.
Precision, Pace, and Passion, All Set to Take on the World! 🌍💪 #Shami #TeamIndia pic.twitter.com/gIEfJidChX
— 𝕸𝖔𝖍𝖆𝖒𝖒𝖆𝖉 𝖘𝖍𝖆𝖒𝖎 (@MdShami11) January 7, 2025
2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് ശേഷം കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി സുഖം പ്രാപിച്ച ഷമി, പരമ്പരയ്ക്ക് മുമ്പുള്ള ആഭ്യന്തര റെഡ്ബോൾ ക്രിക്കറ്റിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് തൻ്റെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നിരുന്നാലും, തുടർന്നുള്ള കാൽമുട്ട് വീക്കത്തെത്തുടർന്ന് മെൽബണിൽ നടന്ന നാലാം ടെസ്റ്റിന് മുമ്പ് ബിസിസിഐ മെഡിക്കൽ ടീം അദ്ദേഹത്തെ ഒഴിവാക്കി. എന്നാൽ ഇപ്പോൾ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിലും ഷമി മികച്ച പ്രകടനവുമായി തിളങ്ങി.
നേരത്തെ രഞ്ജി ട്രോഫിയിലും ശേഷം നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ബംഗാളിനായി കളിച്ച താരം ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും മികച്ച പ്രകടനവുമായി ഞെട്ടിച്ചിരുന്നു. ഇപ്പോൾ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഷമിയെ ഉൾപ്പെടുത്തുമെന്നാണ് കരുതുന്നത്. ജനുവരി 22 നും ഫെബ്രുവരി 12 നും ഇടയിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും കളിക്കും. ജനുവരിയിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിലൂടെ ടീമിലെത്തി ചാമ്പ്യൻസ് ട്രോഫി ടൂര്ണമെന്റിനുള്ള ടീമിൽ ഇടം പിടിക്കുകയായിരിക്കും ഷമിയുടെ ഇപ്പോഴത്തെ ലക്ഷ്യം.
Content Highlights: Mohammed Shami Prepares For India Comeback Amid Jasprit Bumrah's Injury Concern; Video