ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടെങ്കിലും പാകിസ്താന്റെ പ്രകടനം മികച്ചതായിരുന്നുവെന്ന് ടീം ക്യാപ്റ്റൻ ഷാൻ മസൂദ്. ഒരുപാട് നല്ല കാര്യങ്ങൾ ഈ പരമ്പരയിൽ ഉണ്ടായി. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച തുടക്കങ്ങൾ ഉണ്ടാക്കാൻ പാകിസ്താൻ ടീമിന് സാധിച്ചു. എന്നാൽ മത്സരങ്ങൾ വിജയത്തിലേക്ക് എത്തിയില്ല. ഷാൻ മസൂദ് പ്രതികരിച്ചു.
രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ പാകിസ്താൻ ഒരുപാട് റൺസ് വിട്ടുകൊടുത്തു. ആദ്യ ഇന്നിംഗ്സിൽ ഇതിന് തിരിച്ചടി നൽകാൻ പാകിസ്താന് കഴിഞ്ഞില്ല. എന്നാൽ രണ്ടാം ഇന്നിംഗ്സിലെ പോരാട്ടം പാകിസ്താന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏറ്റവും മികച്ച സ്കോർ നേടിത്തന്നു. വ്യക്തിപരമായി ഓരോ താരങ്ങളും മികവ് കാട്ടിയെന്നും മസൂദ് വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ട് ടെസ്റ്റുകളിലും പാകിസ്താൻ പരാജയപ്പെട്ടിരുന്നു. 2023-25 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ തുടർച്ചയായ ഏഴ് വിജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാമതായി ഫൈനലിന് യോഗ്യത നേടാനും ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞു. പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്.
259 റൺസ് നേടിയ റയാൻ റിക്ലത്തോണിന്റെ ഇരട്ട സെഞ്ച്വറിയുടെ ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 615 റൺസ് നേടിയിരുന്നു. മറുപടി പറഞ്ഞ പാകിസ്താൻ ആദ്യ ഇന്നിംഗ്സിൽ 194 റൺസിൽ പുറത്തായി. ഇതോടെ ഫോളോ ഓൺ വഴങ്ങിയ പാകിസ്താൻ രണ്ടാം ഇന്നിംഗ്സിൽ 478 റൺസ് തിരിച്ചടിച്ചു. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ 57 റൺസിന്റെ ലീഡ് മാത്രമാണ് പാകിസ്താന് നേടാനായത്. ഈ ലക്ഷ്യം ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ മറികടക്കുകയും ചെയ്തു.
Content Highlights: Pakistan captain Masood sees positives in defeat against South Africa