ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തേയ്ക്ക് റിഷഭ് പന്തിനെ പരിഗണിക്കില്ലെന്ന് പ്രവചിച്ച് ടീം ഇന്ത്യയുടെ മുൻ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാർ. മികച്ച ഫോമിലുള്ള മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ തന്നെയാകും ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ കീപ്പറെന്നും ബംഗാര്‍ പ്രതികരിച്ചു. ഇന്ത്യയുടെ ട്വന്റി20 ടീമിൽ സഞ്ജു തന്റെ സ്ഥാനം ഏകദേശം ഉറപ്പിച്ചു കഴിഞ്ഞെന്നും ബംഗാർ ചൂണ്ടിക്കാട്ടി.
'ടി20 ടീമിൽ ഒരു വിക്കറ്റ് കീപ്പർക്ക് മാത്രമാണ് സ്ഥാനമുള്ളത്. തനിക്ക് ലഭിച്ച അവസരം ഇരുകൈയ്യും നീട്ടി സ്വീകരിച്ച സഞ്ജു മികച്ച പ്രകടനം തന്നെ പുറത്തെടുത്ത് ആ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. കഴിഞ്ഞ പരമ്പര തന്നെ അതിന് വലിയ തെളിവാണ്. രണ്ട് വിക്കറ്റ് കീപ്പർമാരെ പരമ്പരയിൽ ഉള്‍പ്പെടുത്തുക ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ റിഷഭ് പന്തിന് ടി20 ടീമില്‍ അവസരം ലഭിക്കാനിടയില്ല', ബംഗാർ വ്യക്തമാക്കി.
റിഷഭ് പന്തിന് അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ബാറ്റിങ്ങിന് ഇടം ലഭിക്കില്ല. ഇടംകൈ ബാറ്ററായ തിലക് വർമ സ്ക്വാഡിൽ ഉണ്ടാകും. അദ്ദേഹവും മികച്ച ഫോമിലാണ്. തിലകിന് പുറമെ റിങ്കു സിംഗും ശിവം ദുബെയുമെല്ലാം ഇടം കൈയന്‍മാരായി ടീമിലുണ്ട്. അതുകൊണ്ടു തന്നെ ഇടംകൈ ബാറ്ററെന്ന രീതിയിൽ പരിഗണിച്ചാലും റിഷഭ് പന്തിന് ടീമിൽ ഇടം ലഭിക്കാൻ സാധ്യതയില്ല’, സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സഞ്ജയ് ബംഗാർ പറഞ്ഞു.
ടി20 ക്രിക്കറ്റിൽ മിന്നും ഫോമിലാണ് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ കളിക്കുന്നത്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്ന് സെഞ്ചറികളാണ് സഞ്ജു അടിച്ചെടുത്തത്. ബംഗ്ലാദേശിനെതിരായ അവസാന ട്വന്റി20യിൽ 47 പന്തിൽ 111 റൺസ് നേടിയാണ് സഞ്ജു വിമര്‍ശകർക്ക് മറുപടി നൽകിയത്. പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ 107 റൺസും അവസാന മത്സരത്തിൽ 109 റൺസും നേടി ടീമിൽ സ്ഥാനമുറപ്പിക്കുകയും ചെയ്തു.
Content Highlights: 'Rishabh Pant will miss out': Sanju Samson declared India’s first-choice keeper in T20Is