'ഓസീസിനെ എങ്ങനെ തോല്‍പ്പിക്കാമെന്ന് കൃത്യമായി അറിയാം'; ഫൈനലിന് മുൻപേ പോര്‍മുഖം തുറന്ന് റബാഡ

'മറ്റേത് ഫോര്‍മാറ്റിനേക്കാളും ടെസ്റ്റ് ക്രിക്കറ്റിലാണ് ഞങ്ങള്‍ ഇപ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നത്'

dot image

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്നതിനെ കുറിച്ച് അഭിപ്രായപ്രകടനങ്ങളുമായി ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കഗിസോ റബാഡ രംഗത്ത്. ജൂണ്‍ 11ന് നടക്കുന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ തകര്‍ത്ത് കിരീടം നേടാന്‍ സാധിക്കുമെന്നാണ് റബാഡ പറയുന്നത്. ഓസ്‌ട്രേലിയയെ എങ്ങനെ തോല്‍പ്പിക്കാമെന്ന് കൃത്യമായി അറിയാമെന്നും യുവതാരം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

'ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കടുത്ത മത്സരങ്ങള്‍ തന്നെ ഉണ്ടാവാറുണ്ട്. ഞങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കാറുണ്ട്. ഓസ്‌ട്രേലിയയും സമാനമായ രീതിയില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഉറപ്പാണ്. പക്ഷേ അവരെ എങ്ങനെ നേരിടണമെന്നും പരാജയപ്പെടുത്തണമെന്നും ഞങ്ങള്‍ക്കറിയാം. ടെസ്റ്റ് ക്രിക്കറ്റ് ഇപ്പോഴും സജീവമാണ്. അക്കാര്യത്തില്‍ നൂറു ശതമാനം ഉറപ്പുണ്ട്. മറ്റേത് ഫോര്‍മാറ്റിനേക്കാളും ടെസ്റ്റ് ക്രിക്കറ്റിലാണ് ഞങ്ങള്‍ ഇപ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നത്', റബാഡ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയുടെ സമ്പന്നമായ ടെസ്റ്റ് ക്രിക്കറ്റ് പാരമ്പര്യത്തെ കുറിച്ചും ദക്ഷിണാഫ്രിക്കന്‍ സ്പീഡ്സ്റ്റര്‍ ചൂണ്ടിക്കാട്ടി. 'ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ എല്ലാ ഇതിഹാസ താരങ്ങളെയും പരിശോധിച്ചാല്‍ അവരെല്ലാവരും മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍മാരാണെന്ന് മനസ്സിലാകും. ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളെല്ലാം ടെസ്റ്റ് ക്രിക്കറ്റ് കളിക്കാരായിരിക്കും. പാകിസ്താനെതിരെ നടന്ന ഈ പരമ്പര ടെസ്റ്റ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം മികച്ച പ്രൊമോഷന്‍ തന്നെയായിരുന്നു, പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കയില്‍', റബാഡ കൂട്ടിച്ചേര്‍ത്തു.

പാകിസ്താനെതിരെ നടന്ന ടെസ്റ്റ് പരമ്പര 1-0 ത്തിന് പിടിച്ചെടുത്താണ് ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേയ്ക്ക് ടിക്കറ്റെടുത്തത്. അതേസമയം ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിസ്റ്റുകളായത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് പാറ്റ് കമ്മിന്‍സും സംഘവും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുന്നത്.

Content Highlights: South Africa know how to beat Australia in WTC final, Kagiso Rabada being Confident

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us