'അതൊരിക്കലും ക്രിക്കറ്റല്ല'; കോണ്‍സ്റ്റാസ് വിഷയത്തില്‍ കോഹ്‌ലിയെ വിമർശിച്ച് ഗാവസ്‌കര്‍

കോഹ്‌ലി ഓസീസ് ആരാധകരെ പന്ത് ചുരണ്ടല്‍ വിവാദം ഓര്‍മിപ്പിച്ച് പരിഹസിച്ച സംഭവത്തിനെ കുറിച്ചും ഗാവസ്‌കര്‍ പ്രതികരിച്ചു

dot image

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്‌ലിയെ വിമര്‍ശിച്ച് മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ നിരവധി വിവാദങ്ങളില്‍ കേന്ദ്ര കഥാപാത്രമായിരുന്നു കോഹ്‌ലി. മെല്‍ബണ്‍ ടെസ്റ്റില്‍ ഓസീസിന്റെ അരങ്ങേറ്റ ഓപണര്‍ സാം കോണ്‍സ്റ്റാസുമായി കോഹ്‌ലി ഏറ്റുമുട്ടിയത് വലിയ വിവാദമായിരുന്നു. സാം കോണ്‍സ്റ്റാസിന്റെ തോളില്‍ തട്ടിയ വിരാട് കോഹ്‌ലിയുടെ നടപടി ക്രിക്കറ്റല്ലെന്നാണ് ഗാവസ്‌കര്‍ തുറന്നടിച്ചത്.

'സാം കോണ്‍സ്റ്റാസിന്റെ തോളില്‍ തട്ടി കോഹ്‌ലി ചെയ്തത് ക്രിക്കറ്റല്ല. പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ ഇന്ത്യക്കാര്‍ക്ക് യാതൊരു മടിയുമില്ല. എന്നാല്‍ സാം കോണ്‍സ്റ്റാസിന്റെ കാര്യത്തില്‍ കോഹ്‌ലിക്ക് നേരെ പ്രകോപനമുണ്ടായിരുന്നില്ല. നല്ല സമയം ആസ്വദിക്കാന്‍ വന്ന ജനക്കൂട്ടത്തിന് നേരെ തിരിയുന്നത് വെറുതെയാണെന്ന് അനുഭവം കൊണ്ട് കളിക്കാര്‍ പഠിക്കുന്ന കാര്യമാണ്. കാണികള്‍ കൂവുന്നത് വ്യക്തിപരമല്ല, മറിച്ച് സ്വയം രസിപ്പിക്കാനുള്ള ഒരു മാര്‍ഗം മാത്രമാണ്' ഗവാസ്‌കര്‍ വ്യക്തമാക്കി. സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡില്‍ തന്റെ കോളത്തിലായിരുന്നു ഗാവസ്‌കര്‍ തന്റെ പ്രതികരണം കുറിച്ചത്.

സിഡ്‌നി ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത് പുറത്തായതിന് പിന്നാലെ കോഹ്‌ലി ഓസീസ് ആരാധകരെ പന്ത് ചുരണ്ടല്‍ വിവാദം ഓര്‍മിപ്പിച്ച് പരിഹസിച്ചിരുന്നു. സ്മിത്ത് പുറത്തായതിന് പിന്നാലെ സാന്‍ഡ് പേപ്പര്‍ ആംഗ്യം കാണിച്ചും കാലിയായ കീശ കാണിച്ചുമായിരുന്നു കോഹ്‌ലി തിരിച്ചടിച്ചത്. ഈ സംഭവത്തിനെ കുറിച്ചും ഗാവസ്‌കര്‍ പ്രതികരിച്ചു. വിരാട് കോഹ്‌ലി ഒരിക്കലും അത് ചെയ്യരുതായിരുന്നുവെന്നും ഇത് ടീമംഗങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയെന്നും ഗാവസ്‌കര്‍ തുറന്നടിച്ചു.

'അങ്ങനെ പ്രതികരിച്ചതുകൊണ്ടു മാത്രം ഒരു കളിക്കാരനും ഒരു ഗുണവും ഉണ്ടാവുന്നില്ല. മാത്രവുമല്ല കൂടുതല്‍ ദോഷം ചെയ്യുകയും ചെയ്തു. കാണികളോട് പ്രതികരിക്കുന്നതിന് വേണ്ടി എന്തെല്ലാം ചെയ്യുന്നോ അതെല്ലാം ടീമംഗങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേയ്ക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്. കാണികള്‍ പിന്നീട് താരങ്ങളെ കൂടുതല്‍ ലക്ഷ്യം വെക്കുകയാണ് ചെയ്യുന്നത്. അക്കാര്യം കോഹ്‌ലി മനസ്സിലാക്കേണ്ടിയിരിക്കുന്നു', ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Virat Kohli's on-field antics put extra pressure on India: Sunil Gavaskar's shocking claim

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us