കഴിഞ്ഞ ദിവസം വരെ അസിസ്റ്റന്റ് പരിശീലകനായ 41കാരന്‍ ഒരുദിവസം ടീമിന് വേണ്ടി കളത്തിലിറങ്ങി ബാറ്റുവീശുകയും വിക്കറ്റ് വീഴ്ത്തുകയും ചെയ്യുന്നു. ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗിലാണ് വളരെ കൗതുകകരമായ സംഭവം അരങ്ങേറിയത്. ബ്രിസ്‌ബേന്‍ ഹീറ്റിനെതിരായ ബിബിഎല്‍ മത്സരത്തിനിടെ സിഡ്നി തണ്ടറിന്റെ അസിസ്റ്റന്റ് കോച്ച് ഡാന്‍ ക്രിസ്റ്റ്യനാണ് ബാറ്റുകൊണ്ടും പന്തുകൊണ്ടും നിര്‍ണായകമായ കാമിയോ പ്രകടനം നടത്തിയത്.
കഴിഞ്ഞ വര്‍ഷമാണ് ഓസീസ് ഓള്‍റൗണ്ടറായ ക്രിസ്റ്റ്യന്‍ പ്രൊഫഷണല്‍ ക്രിക്കറ്റിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ സിഡ്‌നി തണ്ടേഴ്‌സിനെ പരിക്ക് വല്ലാതെ ബാധിച്ചതോടെ ടീമിന്റെ അസിസ്റ്റന്റ് കോച്ച് കൂടിയായ ഡാന്‍ ക്രിസ്റ്റ്യന് പകരക്കാരനായി ക്രീസിലിറങ്ങേണ്ടിവന്നു. എട്ടാമനായി ക്രീസിലെത്തി പുറത്താകാതെ 15 പന്തില്‍ 23 റണ്‍സെടുത്ത ക്രിസ്റ്റ്യന്‍ മത്സരത്തില്‍ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
Dan Christian!
— KFC Big Bash League (@BBL) January 6, 2025
The 41-year-old has just smashed this Xavier Bartlett delivery 92 metres! #BBL14 pic.twitter.com/ZgbVIt9yeC
ക്രിസ്റ്റ്യന്റെ നിര്‍ണായക ഇന്നിങ്‌സിന്റെ കരുത്തില്‍ തണ്ടേഴ്‌സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടി. ബ്രിസ്‌ബേന്‍ ഹീറ്റിന്റെ മറുപടി ബാറ്റിങ്ങില്‍ നാല് ഓവര്‍ പന്തെറിഞ്ഞ ക്രിസ്റ്റ്യന്‍ 25 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. അടുത്തിടെ സമാപിച്ച ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച നഥാന്‍ മക്സ്വീനിയുടെ വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.
തുടര്‍ച്ചയായ പരിക്കുകള്‍ കാരണം കളിക്കാര്‍ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് സിഡ്നി തണ്ടറിന് വേണ്ടി ഡാന്‍ ക്രിസ്റ്റ്യന്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. പെര്‍ത്ത് സ്‌കോര്‍ച്ചേഴ്സിനെതിരെ നടന്ന മത്സരത്തിനിടെ കൂട്ടിയിടിച്ചതിന് പിന്നാലെ തണ്ടേഴ്സ് കാമറൂണ്‍ ബാന്‍ക്രോഫ്റ്റും ഡാനിയല്‍ സാംസും ഉള്‍പ്പെടെയുള്ള സ്റ്റാര്‍ താരങ്ങള്‍ക്ക് പരിക്കേറ്റിരുന്നു. സാംസിന് ഒരു തലയ്ക്ക് പരിക്ക് സംഭവിക്കുകയും ബാന്‍ക്രോഫ്റ്റിന്റെ മൂക്കിനും തോളിനും പരിക്കേല്‍ക്കുകയും ചെയ്തത് ടീമിന് തിരിച്ചടിയായിരുന്നു.
Content Highlights: 41-year-old assistant coach Dan Christian comes out of retirement to replace injured players, play explosive cameo knock