നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഫോം പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തുന്ന രണ്ട് താരങ്ങളാണ് വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും. ഈ കഴിഞ്ഞ ബോർഡർ ഗാവസ്‌കർ ട്രോഫിയിലും നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ ഇവർ വിരമിക്കണമെന്ന ആവശ്യം വരെ ആരാധകർ ഉയർത്തിയിരുന്നു. പല മുൻ താരങ്ങളും ഇവർക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
ഇപ്പോഴിതാ ഈ രണ്ട് താരങ്ങൾക്കെതിരെയും കടുത്ത വിമർശനം ഉന്നയിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ഗാവസ്‌കർ. രണ്ട് പേരും ഇതിഹാസ താരങ്ങളാണെങ്കിലും സമീപകാലത്തെ പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്. മോശം ഫോമിലൂടെ കടന്ന് പോകുന്ന ഇവരെ സീനിയര്‍ താരങ്ങളെന്ന പരിഗണനയിലാണ് ടീമില്‍ തുടരാന്‍ അനുവദിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമ്പോള്‍ ടീമിന്റെ പ്രകടന നിലവാരം താഴോട്ട് പോകുന്നു, അതിനാൽ ഇരുവരും കളിയിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് കഴിവ് തെളിയിക്കണം, ഗാവസ്‌കർ കൂട്ടിച്ചേർത്തു.
അതേസമയം രോഹിത് ശർമയെയും വിരാട് കോഹ്‌ലിയെയും സംബന്ധിച്ചിടത്തോളം അത്ര സുഖകരമായ അവസ്ഥയിലൂടെയല്ല കരിയർ പോകുന്നത്. ഇന്ത്യ 1-3ന് പരമ്പര അടിയറവ് പറഞ്ഞപ്പോൾ ഏറ്റവും മോശം പ്രകടനമാണ് രോഹിത് നടത്തിയത്. മൂന്ന് ടെസ്റ്റുകളിൽ നിന്ന് 6.20 ശരാശരിയിൽ 31 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഒടുവിൽ അഞ്ചാം ടെസ്റ്റിൽ നിന്ന് താരത്തെ മാറ്റി നിർത്തുകയും ചെയ്തു. ആദ്യമായിട്ടായിരുന്നു ഇന്ത്യൻ ക്രിക്കറ്റിൽ ഫോമില്ലായ്മയെ തുടർന്ന് പരമ്പരയ്ക്കിടെ ഒരു ക്യാപ്റ്റന് മാറി നിൽക്കേണ്ടി വരുന്നത്.
ഇന്ത്യ ഈ പരമ്പരയിൽ വിജയിച്ച ഒരേയൊരു മത്സരമായ പെർത്തിലെ രണ്ടാം ഇന്നിങ്സിൽ കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നെങ്കിലും ബാക്കിയുള്ള ഇന്നിങ്‌സുകളിലൊന്നും താരത്തിന് തിളങ്ങാനായിരുന്നില്ല. ബാക്കി ഏഴ് ഇന്നിങ്‌സുകളിൽ നിന്ന് 67 റൺസ് മാത്രമാണ് താരം നേടിയത്. 2024 കലണ്ടർ വർഷത്തിലും മോശം പ്രകടനമാണ് താരം കാഴ്ച വെച്ചത്. 10 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 19 ഇന്നിംഗ്സ് കളിച്ചപ്പോൾ രണ്ടാമനായി ഇറങ്ങിയ താരം നേടിയത് 419 റൺസ് മാത്രമാണ്. 24 റൺസാണ് ബാറ്റിങ് ആവറേജ്. ഒരു സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും മാത്രമാണ് നേടിയത്.
Content Highlights:'Let senior players prove themselves by playing domestically, or stay away'; Gavaskar with criticism