'എളിമയും സ്നേഹവുമുള്ളയാള്‍, എനിക്ക് എല്ലാ ആശംസകളും നേർന്നു'; കോഹ്‌ലിയെ പുകഴ്ത്തി സാം കോണ്‍സ്റ്റാസ്‌

മെല്‍ബണ്‍ ടെസ്റ്റിനിടെ ഓസീസിന്റെ അരങ്ങേറ്റ ഓപണറായ കോണ്‍സ്റ്റാസുമായി വിരാട് കളിക്കളത്തില്‍ വെച്ച് തോളില്‍ തട്ടിയതും പിന്നീട് വാക്കേറ്റമുണ്ടായതും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

dot image

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്‌ലിയെ പ്രകീര്‍ത്തിച്ച് ഓസ്‌ട്രേലിയന്‍ യുവ ഓപണര്‍ സാം കോണ്‍സ്റ്റാസ്. താന്‍ ഒരുപാട് ആരാധിക്കുന്ന താരമാണ് വിരാട് കോഹ്‌ലിയെന്നും അദ്ദേഹത്തിനെതിരെ കളിക്കുന്നത് വലിയ ബഹുമതിയാണെന്നും കോണ്‍സ്റ്റാസ് പറഞ്ഞു. മെല്‍ബണ്‍ ടെസ്റ്റിനിടെ ഓസീസിന്റെ അരങ്ങേറ്റ ഓപണറായ കോണ്‍സ്റ്റാസുമായി വിരാട് കളിക്കളത്തില്‍ വെച്ച് തോളില്‍ തട്ടിയതും പിന്നീട് വാക്കേറ്റമുണ്ടായതും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ആ സംഭവത്തിന് ശേഷം കോഹ്‌ലിയുമായി സംസാരിച്ച കാര്യം തുറന്നുപറഞ്ഞാണ് കോണ്‍സ്റ്റാസ് രംഗത്തെത്തിയത്.

'ഞാന്‍ ഒരുപാട് ആരാധിക്കുന്ന താരമാണ് വിരാട് കോഹ്‌ലി. എന്റെ കുടുംബത്തിലെ എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരാണ്. മത്സരശേഷം ഞാന്‍ വിരാട് കോഹ്‌ലിയുമായി സംസാരിച്ചിരുന്നു. ഞാന്‍ താങ്കളെ ഒരുപാട് ആരാധിക്കുന്നുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു. വിരാട് കോഹ്‌ലിക്കെതിരെ കളിക്കുകയെന്നത് വളരെ വലിയ ബഹുമതിയാണ്', കോണ്‍സ്റ്റാസ് പറഞ്ഞു.

'വളരെ ഡൗണ്‍ ടു എര്‍ത്തും സ്‌നേഹവുമുള്ള മനുഷ്യനാണ് കോഹ്‌ലി. അദ്ദേഹം എനിക്ക് എല്ലാ ആശംസകളും നേര്‍ന്നു. ശ്രീലങ്കന്‍ പര്യടനത്തില്‍ ഞാന്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു', കോണ്‍സ്റ്റാസ് കൂട്ടിച്ചേര്‍ത്തു.

മെല്‍ബണ്‍ ടെസ്റ്റിന്റെ ഒന്നാംദിനം പത്താം ഓവറിലാണ് വിരാട് കോഹ്ലിയും സാം കോണ്‍സ്റ്റാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടന്നത്. വിക്കറ്റുകള്‍ക്കിടയില്‍ നടക്കുകയായിരുന്ന സാം കോണ്‍സ്റ്റാസിന്റെ ചുമലില്‍ വിരാട് ഷോള്‍ഡര്‍ കൊണ്ട് തട്ടുകയായിരുന്നു. എന്നാല്‍ ഇത് ഓസ്ട്രേലിയന്‍ യുവതാരത്തെ പ്രകോപിപ്പിച്ചു. താരം കോഹ്ലിയോട് രൂക്ഷമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. പിന്നീട് അമ്പയര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവത്തില്‍ വിരാട് കോഹ്ലിക്കെതിരെ ഐസിസി നടപടി എടുക്കുകയും ചെയ്തിരുന്നു. അനാവശ്യമായി എതിര്‍താരത്തെ ശാരീരികമായി ബുദ്ധിമുട്ടിച്ചതിന് മാച്ച് ഫീയുടെ 20 ശതമാനം ഫൈനാണ് കോഹ്ലിക്ക് പിഴ ചുമത്തിയത്.

Content Highlights: Sam Konstas reveals conversation with 'idol' Virat Kohli after Border-Gavaskar series win

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us