ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ ഇന്ത്യൻ താരം ജസ്പ്രീത് ബുംമ്രയുടെ ബൗളിങ് മികവിനെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയയുടെ ഇതിഹാസ ബാറ്റർ സ്റ്റീവ് സ്മിത്ത്. താൻ നേരിട്ടതിൽ വെച്ച് ഏറ്റവും വ്യത്യസ്തനായതും ബുദ്ധിമുട്ടുള്ളതുമായ താരമാണ് ബുംമ്രയെന്ന് പറഞ്ഞ സ്റ്റീവ് സ്മിത്ത് ബുംമ്രയുടെ ബോളുകൾ മനസ്സിലാക്കാൻ ഒരുപാട് സമയം വേണമെന്നും പ്രതികരിച്ചു.
' മിനിമം അയാളുടെ പന്തുകൾ മനസ്സിലാക്കാൻ 5-6 പന്തുകൾ വരെ ആവശ്യമായി വരും, ഇനി മനസ്സിലാക്കിയാൽ തന്നെ നേരിടാൻ കഴിയണമെന്നില്ല. ചിലപ്പോൾ അത്രയും പന്തുകൾ ബുംമ്ര ബാറ്റർക്ക് നൽകാറുമില്ല. സ്മിത്ത് പറഞ്ഞു. റണ്ണപ്പ് മുതൽ ഒടുവിൽ പന്തെറിയുന്നത് വരെയുള്ള ബുംമ്രയുടെ ആക്ഷനുകൾ വിചിത്രമാണെന്നും ബുംമ്രക്കെതിരെ ബാറ്റ് വീശുമ്പോൾ താളം കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും സ്മിത്ത് പറഞ്ഞു.
'ബുംമ്രയ്ക്കെതിരെ മൂന്ന് ഫോർമാറ്റിലും ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്, അസാധ്യമായ രീതിയിൽ പന്തിനെ സ്വിങ് ചെയ്യിപ്പിക്കാൻ അയാൾക്ക് കഴിയും, ' സ്മിത്ത് പറഞ്ഞു. 'ബാറ്ററുമായി അടുത്ത് നിൽക്കുന്ന പോയിന്‍റിലാണ് അയാൾ പന്ത് റിലീസ് ചെയ്യുക. പന്തിനെ ധൃതിയിൽ കളിക്കാൻ ഇതിലൂടെ അയാൾ നമ്മെ നിർബന്ധിക്കും. എന്നാൽ അവന് വേണ്ട വിധത്തിൽ ആ പന്തിനെ അവൻ പിച്ച് ചെയ്യിപ്പിക്കുകയും ചെയ്യും', സ്മിത്ത് കൂട്ടിച്ചേർത്തു.
ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ സ്മിത്ത് ബുംമുറയ്ക്ക് മുന്നിൽ രണ്ടിലധികം തവണ വീണിരുന്നു.
അതേ സമയം ബോർഡർ- ഗാവസ്‌കർ ട്രോഫിയിൽ മിന്നും പ്രകടനം കാഴ്ച വെച്ച് ടൂർണമെന്റിലെ താരമായ ബുംമ്ര നിലവിൽ പരിക്ക് മൂലം വിശ്രമത്തിലാണ്. ഈ മാസം ഇംഗ്ലണ്ടുമായി ആരംഭിക്കുന്ന പരമ്പരയിൽ ബുംമ്ര ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ട്രോഫി മുന്നിൽ കണ്ട് താരത്തിന് തിരിച്ചുവരാൻ സമയം കൊടുക്കുകയാണെന്നാണ് സൂചന. ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ 32 വിക്കറ്റുകളാണ് ഒമ്പത് ഇന്നിങ്‌സുകളിൽ നിന്ന് താരം നേടിയത്.
Content Highlights: 'Takes 5-6 balls to cues on Bumrah ball,but You could be out by then': Steve Smith