ക്യാപ്റ്റന്‍ സ്മിത്ത് റിട്ടേണ്‍സ്, സര്‍പ്രൈസുകളുമായി ഓസീസ്; ലങ്കയ്‌ക്കെതിരെ ഇറങ്ങുക സൂപ്പര്‍ സ്‌ക്വാഡ്

സ്ഥിരം നായകൻ പാറ്റ് കമ്മിൻസിന് വിശ്രമം അനുവദിച്ചാണ് ഓസ്ട്രേലിയ ശ്രീലങ്കയിലേക്ക് പറക്കുന്നത്

dot image

ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ലങ്കയ്ക്കെതിരെ മുൻ നായകൻ സ്റ്റീവ് സ്മിത്താണ് ഓസീസിനെ നയിക്കുക.

സ്ഥിരം നായകൻ പാറ്റ് കമ്മിൻസിന് വിശ്രമം അനുവദിച്ചാണ് ഓസ്ട്രേലിയ ശ്രീലങ്കയിലേക്ക് പറക്കുന്നത്. കണങ്കാലിനേറ്റ പരിക്കും വ്യക്തിപരമായ കാരണങ്ങളെ തുടർന്നുമാണ് കമ്മിൻസ് പര്യടനത്തിൽ നിന്നു വിട്ടുനിൽക്കുന്നത്.

സ്റ്റാർ ബാറ്റർ ട്രാവിസ് ഹെഡാണ് വൈസ് ക്യാപ്റ്റൻ. ഓസ്‌ട്രേലിയ അണ്ടർ 19 ലോകകപ്പ് ക്യാപ്റ്റൻ കൂപ്പർ കൊണോലിക്ക് ടെസ്റ്റ് ടീമിലേക്ക് ആദ്യമായി വിളിയെത്തി. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് കളിയിലും അവസരം കിട്ടിയിട്ടും തിളങ്ങാതിരുന്ന ഓപ്പണർ നഥാൻ മക്‌സ്വീനിയെ ലങ്കയ്ക്കെതിരായ ടീമിലേക്ക് വീണ്ടും ഉൾപ്പെടുത്തി. നേരത്തെ ഇന്ത്യക്കെതിരായ പരമ്പരയുടെ അവസാന രണ്ട് ടെസ്റ്റുകളിൽ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു.

അതേസമയം സ്പിന്നര്‍മാരായ മാറ്റ് കുനെമാന്‍, ടോഡ് മര്‍ഫി എന്നിവരും ടീമില്‍ തിരിച്ചെത്തി. പരിക്കേറ്റ ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ പുറത്തായി.

ജനുവരി 29 മുതലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളില്‍ ഇരുടീമുകളുടെയും അവസാന പരമ്പരയാണിത്. ഇന്ത്യയെ തകർത്ത് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ ഉറപ്പിച്ചതിനാൽ ഓസ്ട്രേലിയയ്ക്ക് സമ്മർദ്ദങ്ങളില്ലാതെ കളിക്കാനുള്ള അവസരമാണ് ലങ്കൻ മണ്ണിൽ‌ ഒരുങ്ങുന്നത്.

ഓസ്‌ട്രേലിയൻ സ്‌ക്വാഡ്: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ‌), സീൻ അബോട്ട്, സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, കൂപ്പർ കൊണോലി, ട്രാവിസ് ഹെഡ് (വൈസ് ക്യാപ്റ്റൻ), ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖ്വാജ, സാം കോൺസ്റ്റാസ്, മാറ്റ് കുനെമാൻ, മാർനസ് ലാബുഷെയ്ൻ, നഥാൻ ലിയോൺ, നഥാൻ മക്‌സ്വീനി, ടോഡ് മർഫി, മിച്ചൽ സ്റ്റാർക്ക്, ബ്യൂ വെബ്സ്റ്റർ.

Content Highlghts: Australia Announce 16-Man Squad For Sri Lanka Tour, No Pat Cummins, Hazlewood, Marsh

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us