ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലുമായുള്ള വിവാഹമോചന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ ആദ്യമായി പ്രതികരിച്ച് യുട്യൂബറും നര്‍ത്തകിയുമായ ധനശ്രീ വര്‍മ. ചഹലിനൊപ്പമുള്ള നാല് വർഷത്തെ വിവാഹബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ വന്നതിന് പിന്നാലെ ധനശ്രീക്കെതിരെ രൂക്ഷമായ ട്രോളുകളും അധിക്ഷേപകരമായ കമന്റുകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇതിനെതിരെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ധനശ്രീ പ്രതികരണമറിയിച്ചത്.
വിവാഹ മോചന വാര്‍ത്തകളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവരെ ധനശ്രീ വിമര്‍ശിച്ചു. വ്യക്തിഹത്യക്ക് വിധേയമാവുകയാണെന്നും താനും കുടുംബവും പ്രയാസകരമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്നും ധനശ്രീ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. സത്യം മനസ്സിലാക്കാതെയാണ് ആളുകളുടെ പ്രതികരിക്കുന്നതെന്നും ധനശ്രീ വര്‍മ തുറന്നടിച്ചു.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയുടെ പൂര്‍ണരൂപം:
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ എനിക്കും കുടുംബത്തിനും വളരെ പ്രയാസകരമായിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍, വ്യക്തിഹത്യ, വിദ്വേഷം പ്രചരിപ്പിക്കുന്ന ട്രോളുകള്‍ എന്നിവയെല്ലാം ഞാന്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.
എന്റെ പേരിനെ ഈ നിലയിലേക്ക് എത്തിക്കാന്‍ ഞാന്‍ വര്‍ഷങ്ങളായി ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എന്റെ മൗനം ദൗര്‍ബല്യമായി കാണരുത്. എന്റെ കരുത്താണ് അത്. ഓണ്‍ലൈനില്‍ അതിവേഗം നെഗറ്റിവിറ്റി പരത്താന്‍ കഴിയും. പക്ഷേ മറ്റൊരാളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള സഹാനുഭൂതി കാണിക്കണമെങ്കില്‍ അതിന് വളരെ ധൈര്യം വേണം.
എന്റെ സത്യത്തില്‍ വിശ്വസിച്ച് മുന്നോട്ടുതന്നെ പോകാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്റെ മൂല്യങ്ങളെ ഞാന്‍ മുറുകെപ്പിടിക്കും. ഒരു ന്യായീകരണത്തിന്റേയും ആവശ്യമില്ലാതെ തന്നെ സത്യം ഉയര്‍ന്നുനില്‍ക്കും.
Dhanshree Verma's Instagram story. pic.twitter.com/0UUWSEEvVq
— Mufaddal Vohra (@mufaddal_vohra) January 9, 2025
ഇന്‍സ്റ്റഗ്രാമില്‍ ചഹലും ധനശ്രീയും പരസ്പരം അണ്‍ഫോളോ ചെയ്തതിന് പിന്നാലെയാണ് ഇരുവരുടെയും വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തമായത്. അണ്‍ഫോളോ ചെയ്തത് കൂടാതെ, ധനശ്രീ വര്‍മയുമൊത്തുള്ള ചിത്രങ്ങള്‍ ചഹല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഡിലീറ്റ് ചെയ്തിട്ടുമുണ്ട്. എന്നാല്‍ ധനശ്രീയുടെ അക്കൗണ്ടില്‍നിന്ന് ഇരുവരുമൊത്തുള്ള ചിത്രങ്ങളൊന്നും നീക്കം ചെയ്തിട്ടില്ല.
2020 ഡിസംബര്‍ 11നാണ് ചഹലും ധനശ്രീയും വിവാഹിതരായത്. 2023 ജനുവരിയില്‍ തന്റെ അവസാന ഏകദിനവും അതേ വര്‍ഷം ഓഗസ്റ്റില്‍ അവസാന ടി20യും കളിച്ച ചഹല്‍ നിലവില്‍ ഫോര്‍മാറ്റുകളിലുടനീളം ഇന്ത്യന്‍ ടീമിന് പുറത്താണ്. എന്നിരുന്നാലും ഐപിഎല്ലില്‍ സ്പിന്നറായ ചഹല്‍ പ്രകടനം തുടരുന്നുണ്ട്. പ്രശസ്ത നര്‍ത്തകിയും കൊറിയോഗ്രാഫറുമാണ് ധനശ്രീ.
Content Highlghts: Dhanashree Verma Breaks Silence Amid Divorce Rumours With Yuzvendra Chahal