ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെയാണ് ഗംഭീറിന്റെ കോച്ചിങ് തന്ത്രങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി കൈഫ് രംഗത്തെത്തിയത്. താരങ്ങളുടെയും ടീമിന്റെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗംഭീറിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് ഇനിയും സമയം ആവശ്യമാണെന്നുമാണ് കൈഫ് അഭിപ്രായപ്പെടുന്നത്.
'തന്ത്രപരമായി മികവ് പുലര്‍ത്തുന്നവനാണ് മികച്ച പരിശീലകന്‍. സാഹചര്യങ്ങള്‍ക്കനുസരിച്ച് ശരിയായ ഇലവനെ എങ്ങനെ തിരഞ്ഞെടുക്കണമെന്ന് അദ്ദേഹത്തിന് അറിവുണ്ടാവണം. ഓസ്ട്രേലിയ പോലൊരു ടീമിനെതിരെ എങ്ങനെ വിജയകരമായി കളിക്കാം എന്ന് പ്ലാന്‍ ചെയ്യുന്നതാണ് ഒരു പരിശീലകന്റെ ജോലി. ബാക്കിയുള്ളത് വിരാട് കോഹ്‌ലിയെ പോലുള്ളവരുടെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നുള്ളതാണ്. കോഹ്ലിയുടെ ബാറ്റിംഗ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിന് ഇതുവരെ സമയം ലഭിച്ചിട്ടില്ലായിരിക്കാം', കൈഫ് ചൂണ്ടിക്കാട്ടി.
'നിങ്ങളുടെ ബാറ്റിങ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ഇതെല്ലാമാണ് ചെയ്യേണ്ടതെന്ന് കോഹ്‌ലിക്ക് നിര്‍ദേശം നല്‍കുന്ന ഘട്ടത്തിലേയ്ക്ക് ഗംഭീര്‍ ഇതുവരെ എത്തിയിട്ടില്ല. ഗംഭീറിന് ഇനിയും സമയം ആവശ്യമാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ ഗംഭീര്‍ ഒരിക്കലും തന്ത്രപരമായി വിജയിച്ചിട്ടില്ല'
'ഞാന്‍ അദ്ദേഹത്തിന്റെ പത്രസമ്മേളനം കണ്ടു. ടീം എവിടെയാണ് പതറിയതെന്ന് എനിക്ക് അറിയണം. സാം കോണ്‍സ്റ്റാസിനും വിരാട് കോഹ്ലിക്കും ഇടയില്‍ സംഭവിച്ചതെന്താണെങ്കിലും നമ്മള്‍ പരിഗണിക്കേണ്ട വിഷയം അതായിരുന്നില്ല. ന്യൂസിലാന്‍ഡിനെതിരെ സ്വന്തം തട്ടകത്തില്‍ മൂന്ന് ടെസ്റ്റുകള്‍ തോറ്റു എന്നതാണ് കാര്യം. പിന്നാലെ 19 പേരടങ്ങുന്ന സ്‌ക്വാഡുമായി നിങ്ങള്‍ ഓസ്ട്രേലിയയിലെത്തി'
💬💬 We wanted to keep fighting, and we fought till the end#TeamIndia Head Coach Gautam Gambhir reflects on the positives from the #AUSvIND series.@GautamGambhir pic.twitter.com/zo6yYLMsit
— BCCI (@BCCI) January 5, 2025
'പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ജഡേജയെ കളിപ്പിച്ചില്ല. ഇതിഹാസതാരമായ അശ്വിനെയും പെര്‍ത്തില്‍ ഇറക്കിയില്ല. ഇതിലെല്ലാം ഗംഭീര്‍ വിശദീകരണം നല്‍കണമായിരുന്നു. എന്തായാലും ജസ്പ്രിത് ബുംമ്ര കാരണം നമ്മള്‍ ആദ്യ ടെസ്റ്റ് വിജയിച്ചു. എന്നാല്‍ ഗംഭീറിനെ സംബന്ധിച്ചിടത്തോളം ഭാവിയില്‍ തന്റെ കോച്ചിങ് തന്ത്രങ്ങളില്‍ അദ്ദേഹം തിരുത്തേണ്ട പിഴവുകളാണിത്', കൈഫ് കൂട്ടിച്ചേര്‍ത്തു.
ന്യൂസിലാന്‍ഡിനെതിരെ സ്വന്തം നാട്ടില്‍ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ വൈറ്റ് വാഷ് പരാജയമാണ് ഇന്ത്യ വഴങ്ങിയിരുന്നത്. 24 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം സ്വന്തം നാട്ടില്‍ സമ്പൂര്‍ണ്ണമായി ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെടുന്നത്. തൊട്ടുപിന്നാലെ ഓസീസ് പരമ്പരയും 3-1ന് കൈവിട്ടതോടെ ഗംഭീറിന്റെ പരിശീലക സ്ഥാനത്തിന് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ രൂക്ഷമാവുകയാണ്.
Content Highlghts: Gautam Gambhir hasn’t reached the stage to tell Virat Kohli ‘boss you do this’, Says Mohammed Kaif