ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പര ജനുവരി 22 നാണ് ആരംഭിക്കുന്നത്. കഴിഞ്ഞ ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയുമുള്ള ടി 20 പരമ്പരയിലെ മിന്നും പ്രകടനത്തോടെ ഈ പരമ്പരയിലും അവസരം ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് സഞ്ജു സാംസണുമുള്ളത്. ടി 20 പരമ്പരയ്ക്ക് ശേഷം മൂന്ന് മല്‍സരങ്ങളുള്‍പ്പെട്ട ഏകദിന പരമ്പരയും ഇന്ത്യയ്ക്കുണ്ട്. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യയുടെ അവസാനത്തെ തയ്യാറെടുപ്പ് കൂടിയായിരിക്കും ഇത്.
ഏകദിനത്തിലും ചാമ്പ്യൻസ് ട്രോഫിയിലും അവസരം കിട്ടാൻ സാധ്യതയില്ലെങ്കിലും ടി 20 ടീമിൽ ഇടം ഉറപ്പുള്ള സഞ്ജു മികച്ച തയ്യാറെടുപ്പാണ് നടത്തി കൊണ്ടിരിക്കുന്നത്. സഞ്ജുവിന്റെ ഒരു തയ്യാറെടുപ്പ് വീഡിയോയും ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പരിക്ക് മൂലമാണ് താരം വിജയ് ഹസാരെയിൽ നിന്ന് മാറി നിന്നത് എന്ന അഭ്യൂഹങ്ങൾക്കിടെയാണ് സഞ്ജുവിന്റെ ഈ പ്രത്യക്ഷപ്പെടൽ.
പഞ്ചാബില്‍ നിന്നുള്ള പ്രശസ്തനായ ഫോട്ടോഗ്രാഫര്‍ സുതേജ് സിങ് പന്നു ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച സഞ്ജു സാംസണിന്റെ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. വളരെ ഊര്‍ജ സ്വലനായി, തികഞ്ഞ ആത്മവിശ്വാസത്തിലാണ് മലയാളി വിക്കറ്റ് കീപ്പര്‍ ഈ വീഡിയോയില്‍ കാണപ്പെടുന്നത്.
ഇരുകൈകളിലും ഡെംബലുകളേന്തി കിടന്നു കൊണ്ട് കഠിനമായി വ്യായാമം ചെയ്യുന്ന സഞ്ജുവിനെ ഈ വീഡിയോയില്‍ നമുക്കു കാണാന്‍ സാധിക്കും. ഡെംബലുകള്‍ പിന്നീട് യഥാസ്ഥാനത്തേക്കു വച്ചതിനു ശേഷം തന്റെ ട്രേഡ് മാര്‍ക്കായ കൈയിലെ മസില്‍ കാണിച്ചുകൊണ്ടുള്ള ആഹ്ലാദ പ്രകടനത്തിന്റെ പോസും സഞ്ജു ഈ വീഡിയോയില്‍ നല്‍കിയിട്ടുണ്ട്.
Content Highlghts: Sanju Samson preparation for t20 series vs england