വിജയ് ഹസാരെ ട്രോഫി പ്രീ ക്വാര്‍ട്ടറില്‍ ബംഗാളിനെ 72 റണ്‍സിന് വീഴ്ത്തി ഹരിയാന ക്വാര്‍ട്ടറിൽ. ആദ്യം ബാറ്റ് ചെയ്ത ഹരിയാന 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സടിച്ചപ്പോള്‍ ബംഗാള്‍ 43.1 ഓവറില്‍ 226 റണ്‍സിന് ഓള്‍ ഔട്ടായി. ശനിയാഴ്ച്ച നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഗുജറാത്താണ് ഹരിയാനയുടെ എതിരാളികള്‍.
ഹരിയാന ഉയര്‍ത്തിയ 299 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗാളിന് ഓപ്പണര്‍മാരായ അഭിഷേക് പോറലും(57), ക്യാപ്റ്റന്‍ സുദീപ് കുമാര്‍ ഗരാമിയും(36) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും പിന്നീട് തകർന്നടിഞ്ഞു. ഇവരെ കൂടാതെ 36 റൺസെടുത്ത് സുദീപ് കുമാര്‍ ഗരാമി മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഹരിയാനക്ക് വേണ്ടി പാര്‍ത്ഥ് വാറ്റ്സ് 8 ഓവറില്‍ 33 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തപ്പോള്‍ അന്‍ഷുല്‍ കാംബോജ് 25 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹരിയാന പാര്‍ത്ഥ് വാറ്റ്സിന്‍റെയും(77 പന്തില്‍ 62), നിഷാന്ത് സന്ധുവിന്‍റെയും(67 പന്തില്‍ 64) എസ് പി കുമാറിന്‍റെയും(32 പന്തില്‍ 41*) ബാറ്റിംഗ് മികവിലാണ് മികച്ച സ്കോറിലെത്തിയത്. ബംഗാളിന് വേണ്ടി ഇന്ത്യൻ താരം മുഹമ്മദ് ഷമി 10 ഓവറില്‍ 61 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത് തിളങ്ങിയപ്പോള്‍ മുകേഷ് കുമാര്‍ 9 ഓവറില്‍ 46 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
Content Highlights: