![search icon](https://www.reporterlive.com/assets/images/icons/search.png)
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി
മുൻ താരവും ബംഗാള്‍ കായികമന്ത്രിയുമായ മനോജ് തിവാരി. ഒരിക്കൽ രഞ്ജി ട്രോഫി മത്സരം ഡൽഹിയിൽ നടക്കുമ്പോൾ ഗൗതം ഗംഭീറിന്റെ വാക്കുകൾ എല്ലാവരും കേട്ടതാണ്. സൗരവ് ഗാംഗുലിയെക്കുറിച്ച് മോശമായി സംസാരിച്ചാലും തന്റെ കുടുംബത്തെ അപമാനിച്ചാലും ഗംഭീറിനെ രക്ഷിക്കാൻ കുറച്ച് ആളുകളുണ്ട്. അതാണ് താൻ പറയുന്ന പിആർ. ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്ന നടപടി സുതാര്യമല്ല. ഹർഷിത് റാണയ്ക്കുവേണ്ടി ആകാശ് ദീപിനെ ഒഴിവാക്കി. മികച്ച താരമെങ്കിൽ ബോർഡർ-ഗാവസ്കർ ട്രോഫിയിലെ ബാക്കിയുള്ള മത്സരങ്ങളിൽ നിന്ന് ഹർഷിതിനെ എന്തുകൊണ്ടാണ് ഒഴിവാക്കിയത്. ആകാശിന് വേണ്ടി സംസാരിക്കാൻ ആരുമില്ലായിരുന്നു. മനോജ് തിവാരി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
ന്യൂസിലാൻഡിനെതിരെയും ബംഗ്ലാദേശിനെതിരെയും നന്നായി പന്തെറിഞ്ഞ താരമാണ് ആകാശ് ദീപ്. ബോർഡർ-ഗാവസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ആകാശ് ദീപിനെ ഒഴിവാക്കി ഹർഷിത് റാണയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ആഭ്യന്തര ക്രിക്കറ്റിൽ ആകാശിന് മികച്ച അനുഭവസമ്പത്തുണ്ട്. എന്നിട്ടും എന്തിനാണ് ആകാശിനെ ഒഴിവാക്കിയത്. പക്ഷപാതപരമായ തിരഞ്ഞെടുപ്പാണ് ഇന്ത്യൻ ടീമിൽ നടക്കുന്നതെന്നും മനോജ് തിവാരി ആരോപിച്ചു.
കഴിഞ്ഞ ദിവസവും ഗംഭീറിനെതിരെ രൂക്ഷവിമർശനവുമായി തിവാരി രംഗത്തെത്തിയിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ കിരീടം നേടിയത് ഗംഭീറിന്റെ കഴിവുകൊണ്ട് മാത്രമല്ലെന്നായിരുന്നു തിവാരിയുടെ ആരോപണം. ജാക് കാലിസിനെയും സുനില്‍ നരെയ്നെയും പോലുള്ള താരങ്ങളുടെ കഴിവുകൊണ്ടാണ് കിരീടം നേടിയത്. എന്നാല്‍ പി ആര്‍ വര്‍ക്കിലൂടെ ഗംഭീര്‍ എല്ലാ ക്രെഡിറ്റും അടിച്ചെടുക്കുകയാണെന്നും മനോജ് തിവാരി പ്രതികരിച്ചിരുന്നു.
ഗൗതം ഗംഭീർ കപടനാട്യക്കാരനാണ്. പറയുന്നതല്ല ചെയ്യാറുള്ളത്. ബൗളിംഗ് പരിശീലകൻ മോര്‍ണി മോര്‍ക്കല്‍ ലഖ്നൗവില്‍ ഗംഭീറിനൊപ്പമുണ്ടായിരുന്നു. ബാറ്റിങ് പരിശീലകൻ അഭിഷേക് നായര്‍ കൊല്‍ക്കത്തയില്‍ ഗംഭീറിനൊപ്പമുണ്ടായിരുന്നു. ഇവരാരും ഗംഭീറിനെതിരെ സംസാരിക്കില്ല. ബൗളിങ് പരിശീലകനെക്കൊണ്ട് ഒരു ഗുണവും ഉണ്ടാകുന്നില്ല. ഗംഭീർ പറയുന്നത് അതുപോലെ അനുസരിക്കുക മാത്രമാണ് അയാൾ ചെയ്യുന്നത്. തിവാരി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു.
Content Highlights: Gautam Gambhir Abused My Family, Said Bad Things About Sourav Ganguly said Manoj Tiwari