അയര്‍ലന്‍ഡ് വനിതകള്‍ക്കെതതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഒന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യന്‍ വനിതകള്‍ വിജയം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് വനിതകൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 238 റൺസെടുത്തു. മറുപടി പറഞ്ഞ ഇന്ത്യ 34.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
നേരത്തെ ടോസ് നേടിയ അയർലൻഡ് വനിതകൾ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ നാലിന് 56 എന്ന നിലയിലായിരുന്നു അയര്‍ലന്‍ഡ്. അഞ്ചാം വിക്കറ്റിൽ ഗാബി ലെവിസ് - ലിയാ പോൾ സഖ്യം 117 റണ്‍സ് കൂട്ടിചേര്‍ത്തോടെയാണ് ഐറീഷ് ടീം മികച്ച സ്കോറിലേക്ക് നീങ്ങിയത്. ഗാബി ലെവിസ് 92 റൺസെടുത്ത് പുറത്തായപ്പോൾ ലിയാ പോളിന്റെ സമ്പാദ്യം 59 റൺസാണ്. ഇന്ത്യൻ ബൗളിങ് നിരയിൽ പ്രിയ ശർമ രണ്ട് വിക്കറ്റെടുത്തു.
വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സ്മൃതി മന്ദാന-പ്രതിക റാവൽ സഖ്യം 70 റണ്‍സ് കൂട്ടിച്ചേർത്തു. മന്ദാന 41 റൺസെടുത്ത് പുറത്തായി. പിന്നാലെ ഹര്‍ലീന്‍ ഡിയോള്‍ 20, ജമീമ റോഡ്രിഗസ് ഒമ്പത് എന്നിവർ കാര്യമായ സംഭാവനകൾ നൽകാതെ പുറത്തായി. ഇതോടെ ഇന്ത്യ മൂന്നിന് 116 എന്ന നിലയിലേക്ക് വീണു.
നാലാം വിക്കറ്റിൽ പ്രതികയ്ക്കൊപ്പം തേജൽ ഹസബ്‌നിസ് ചേർന്നതോടെ ഇന്ത്യ വിജയത്തിലേക്ക് നീങ്ങി. ഇരുവരും ചേർന്ന നാലാം വിക്കറ്റിൽ 116 റൺസ് കൂട്ടിച്ചേർത്തു. 96 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 89 റൺസെടുത്താണ് പ്രതിക പുറത്തായത്. എങ്കിലും 53 റൺസുമായി പുറത്താകാതെ നിന്ന തേജൽ ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു.
Content Highlights: India Women beat Ireland Women by six wickets; Pratika Rawal scores 89