'അശ്വിന്‍ അപമാനിക്കപ്പെട്ടു, മാന്യനായതുകൊണ്ട് ഒന്നും പറഞ്ഞില്ലെന്നുമാത്രം'; ഗുരുതര ആരോപണങ്ങളുമായി മനോജ് തിവാരി

'അശ്വിനേക്കാള്‍ ഓവറുകള്‍ വാഷിങ്ങ്ടണ്‍ സുന്ദറിന് നല്‍കി. ഇതിലൂടെ അശ്വിനെ അപമാനിക്കുകയല്ലേ ചെയ്തത്'

dot image

ഇന്ത്യയുടെ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിന്റെ വിരമിക്കലില്‍ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ബംഗാളിലെ കായിക സഹമന്ത്രിയുമായ മനോജ് തിവാരി. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ നേരിട്ട കടുത്ത അവഗണനയും അപമാനവുമാണ് അശ്വിന്റെ വിരമിക്കലിന് കാരണമെന്നാണ് താന്‍ മനസിലാക്കുന്നതെന്നാണ് ‌മനോജ് തിവാരി പറഞ്ഞത്.

'അശ്വിൻ അപമാനിക്കപ്പെട്ടു. വാഷിങ്ങ്ടണ്‍ സുന്ദറും തനുഷ് കോട്ടിയാനുമെല്ലാം മികച്ച സ്പിന്നര്‍മാരാണ്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനവും നടത്തിയിട്ടുണ്ട്. പക്ഷേ അശ്വിനെ പോലെ കഴിവുള്ള ഒരാള്‍ ഉള്ളപ്പോള്‍ എന്തിനാണ് വാഷിങ്ങ്ടണ്‍ സുന്ദറിനെ ടീമിലെടുക്കുന്നത്. ന്യൂസിലാൻഡിനെതിരെ നാട്ടിൽ നടന്ന പരമ്പര തന്നെ നോക്കുക. അശ്വിനുണ്ട്, ജഡേജയുണ്ട്, കുല്‍ദീപുണ്ട്. എന്നിട്ടും അശ്വിനേക്കാള്‍ ഓവറുകള്‍ വാഷിങ്ങ്ടണ്‍ സുന്ദറിന് നല്‍കി. ഇതിലൂടെ അശ്വിനെ അപമാനിക്കുകയല്ലേ ചെയ്തത്', മനോജ് തിവാരി ചോദിച്ചു.

'എത്ര മത്സരങ്ങള്‍ അശ്വിന്‍ ഒറ്റയ്ക്ക് ഇന്ത്യയെ വിജയിപ്പിച്ചിട്ടുണ്ട്. അശ്വിന്‍ ഒരു മാന്യനായത് കൊണ്ട് ഇതൊന്നും പുറത്ത് പറയുന്നില്ല. പക്ഷേ ഒരുദിവസം അത് ഉണ്ടാവും. അവൻ തൻ്റെ അനുഭവം പങ്കിടും. ഇത് ശരിയായ പ്രക്രിയയല്ല. അവരും കളിക്കാരാണ്. അവർക്കും മാന്യതയുണ്ട്', പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനോജ് തിവാരി പറഞ്ഞു.

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റായ ഗാബ ടെസ്റ്റ് സമനിലയായതിന് പിന്നാലെയാണ് ഇന്ത്യയുടെ ഇതിഹാസ ഓള്‍ റൗണ്ടറായ രവിചന്ദ്രന്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തുന്നത്. അഡലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കായി അശ്വിന്‍ കളിച്ചിരുന്നെങ്കിലും മികവ് പുലര്‍ത്താനായിരുന്നില്ല. ഇതോടെ ബ്രിസ്‌ബേനില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ അശ്വിന് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചിരുന്നില്ല.

ഇതിന് പിന്നാലെയാണ് ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലെ കളിക്കുശേഷം അശ്വിന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വാര്‍ത്താ സമ്മേളനത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.106 ടെസ്റ്റില്‍ നിന്ന് 537 വിക്കറ്റുകളാണ് അശ്വിന്റെ പേരിലുള്ളത്. ആറ് സെഞ്ചുറികളും 16 അര്‍ധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്.

Content Highlights: 'R Ashwin was insulted': Manoj Tiwary makes big claim on spinner's immediate retirement

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us