അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വീണ്ടും വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശിന്റെ മുന്‍ ക്യാപ്റ്റനും വെറ്ററന്‍ ഓപണറുമായ തമീം ഇക്ബാല്‍. ഇത് രണ്ടാം തവണയാണ് തമീം ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. 2023 ജൂലൈയില്‍ ടീം ക്യാപ്റ്റനായിരിക്കെ വിരമിക്കല്‍ പ്രഖ്യാപിച്ച തമീം അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയായിരുന്നു.
എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ തമീം പുതിയ തീരുമാനം അറിയിക്കുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ അധ്യായം അവസാനിച്ചെന്നും ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ടീമിന് തടസ്സമാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സെലക്ടര്‍മാരെ തമീം അറിയിച്ചു. നിലവിലെ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ ഉള്‍പ്പെടെയുള്ള ചില സഹതാരങ്ങള്‍ പുനര്‍വിചിന്തനം നടത്താന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചെങ്കിലും തമീം തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
'ഏറെ നാളായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ആ ദൂരം ഇനിയൊരിക്കലും കുറയില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എന്റെ അധ്യായം അവസാനിച്ചു. ഏറെ നാളായി ഇതേക്കുറിച്ച് ആലോചിക്കുന്നു. ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫി പോലെ ഒരു വലിയ സീറ്റ് മുന്നിലുള്ളതിനാല്‍ എന്നെ വീണ്ടും ചര്‍ച്ച ചെയ്യാനും ടീമിന് തടസ്സം സൃഷ്ടിക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല', ഫേസ്ബുക്ക് പോസ്റ്റില്‍ തമീം കുറിച്ചു.
തന്നെ വീണ്ടും ദേശീയ ടീമിലേക്ക് പരിഗണിക്കുന്നതില്‍ സെലക്ടര്‍മാരോടും ക്യാപ്റ്റന്‍ ഷാന്റോയോടും നന്ദി അറിയിച്ച തമീം ആരാധകരെ വീണ്ടും നിരാശപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. 'നീ വലുതാകുന്ന ദിവസം നിനക്ക് നിന്റെ അച്ഛനെ മനസ്സിലാകും' ,എന്ന് തന്റെ മകനോട് പറഞ്ഞുവെന്നും തമീം ഫേസ്ബുക്കില്‍ കുറിച്ചു.
2023 സെപ്റ്റംബറിന് ശേഷം ഒരു അന്താരാഷ്ട്ര മത്സരം പോലും കളിച്ചിട്ടില്ലെങ്കിലും തമീം ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായി തുടരുകയായിരുന്നു. 2024 ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ബാരിഷാല്‍ ഫ്രാഞ്ചൈസിയെ കിരീടത്തിലേക്ക് നയിച്ചു. ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുത്തതും തമീമിനെയാണ്. ധാക്ക പ്രീമിയര്‍ ലീഗിലും മികച്ച പ്രകടനം നടത്തിയ തമീം 2024ല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ കേന്ദ്ര കരാറില്‍ നിന്ന് വിട്ടുനിന്നിരുന്നു.
Content Highlights: Bangladesh star Tamim Iqbal again retires from international cricket