ഹാർദിക്കിനെ പിന്നെയും തഴഞ്ഞു, ഇക്കുറി സൂര്യയുടെ ഡെപ്യൂട്ടി അക്സർ; സ്ഥാനം നഷ്ടമായി 3 പ്രധാനതാരങ്ങളും

ഹാർദിക്കിനെ ഇന്ത്യൻ ടീം അവഗണിക്കുന്നു എന്ന തരത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചകൾ.

dot image

ഇം​ഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങൾ അടങ്ങിയ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. സൂര്യകുമാർ യാദവ് നായകനായ ഇന്ത്യൻ ടീമിൽ അക്സർ പട്ടേലിനെയാണ് ഉപനായകനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതൊരു സർപ്രൈസ് കൂടിയാണ്. ഇതോടെ മുൻനായകനായ ഹാർദിക് പാണ്ഡ്യയുടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനമെന്ന സ്വപ്നങ്ങൾക്ക് ഏതാണ്ട് അവസാനമാകുമെന്നാണ് വിലയിരുത്തലുകൾ.

2022ൽ ​​ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ചാംപ്യന്മാരായതോടെയാണ് രോഹിത് ശർമയ്ക്ക് ശേഷം ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിന്റെ നായകനാകുമെന്ന വാർത്തകൾ ഉയർന്നുതുടങ്ങിയത്. തൊട്ടടുത്ത വർഷം ഐപിഎല്ലിൽ ​ഗുജറാത്തിനെ ഫൈനലിൽ എത്തിക്കാനും ഹാർദിക് പാണ്ഡ്യയുടെ നായകമികവിന് സാധിച്ചിരുന്നു. എന്നാൽ ഇന്ത്യൻ ടീമിൽ ഹാർദികിന്റെ നായകസ്ഥാനം ഏതാനും മത്സരങ്ങളിൽ മാത്രമായി ചുരുങ്ങി.

2024ൽ ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ പരിശീലകനായി ​ഗൗതം ​ഗംഭീർ സ്ഥാനമേറ്റു. ഫിറ്റ്നസ് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹാർദികിന് പകരം ​ഗംഭീർ സൂര്യകുമാർ യാദവിനെ നായകനാക്കി. ഇതോടെ 2026ലെ ട്വന്റി 20 ലോകകപ്പ് വരെ സൂര്യകുമാർ നയിക്കുന്ന ഇന്ത്യൻ ടീമാകും കളിക്കുകയെന്നാണ് കരുതുന്നത്. ഹാർദിക്കിനെ ഇന്ത്യൻ ടീം അവഗണിക്കുന്നു എന്ന തരത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചകൾ. വൈസ് ക്യാപ്റ്റൻ സ്ഥാനമെങ്കിലും കൊടുക്കാമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇം​ഗ്ലണ്ട് പരമ്പരയിൽ മറ്റ് ചില മാറ്റങ്ങളും ഇന്ത്യൻ ടീമിൽ ഉണ്ടായിട്ടുണ്ട്. ഓൾറൗണ്ടറായി നിതീഷ് കുമാർ റെഡ്ഡി തുടരുമ്പോൾ ശിവം ദുബെയ്ക്ക് ടീമിലെ ഇടം നഷ്ടമായി. സൂര്യകുമാർ നായകനായ ശേഷം അധികം അവസരം ലഭിക്കാതിരുന്ന ജിതേഷ് ശർമയും ടീമിന് പുറത്തായി. ധ്രുവ് ജുറേലാണ് പകരക്കാരനായി ടീമിലെത്തിയിരിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനും ഇന്ത്യയുടെ ട്വന്റി 20 ടീമിൽ ഇടം നേടാൻ കഴിഞ്ഞില്ല.

ഇം​ഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ഹർഷിത് റാണ, അർഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, വാഷിങ്ടൺ സുന്ദർ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ).

Content Highlights: Hardik Pandya no longer India Captain, omitted three stars

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us