സൂര്യകുമാറിനെ ഓർമിപ്പിച്ച് മാറ്റ് ഹെൻ‍റി; ബൗണ്ടറി ലൈനിൽ തകർപ്പൻ ക്യാച്ച്, വീഡിയോ

ശ്രീലങ്കൻ നായകൻ ചരിത് അസലങ്കയെ പിടികൂടാനായിരുന്നു ഹെൻ‍റിയുടെ തകർപ്പൻ ക്യാച്ച്

dot image

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ ക്യാച്ചുമായി ന്യൂസിലാൻഡ് താരം മാറ്റ് ഹെൻ‍റി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കൻ ഇന്നിം​ഗ്സിന്റെ 30-ാം ഓവറിലാണ് ഹെൻ‍റി തന്റെ ഫീൽഡിങ് മികവ് പുറത്തെടുത്തത്. ന്യൂസിലാൻഡ് താരം മൈക്കല്‍ ബ്രേസ്‌വെൽ എറിഞ്ഞ പന്തിൽ ശ്രീലങ്കൻ ബാറ്റർ ചരിത് അസലങ്ക ലോങ് ഓഫിലേക്ക് സിക്സർ പറത്താനാണ് ശ്രമിച്ചത്.

ബൗണ്ടറിയിലുണ്ടായിരുന്ന മാറ്റ് ഹെൻ‍റി ലൈനിന് തൊട്ടരുകിൽ നിന്നായി പന്ത് പിടികൂടി. പിന്നാലെ ബൗണ്ടറിലൈനിന് അപ്പുറത്തേയ്ക്ക് ചാടിയ ഹെൻ‍റി പന്ത് അന്തരീക്ഷത്തിലേക്ക് ഉയർത്തി എറിഞ്ഞിരുന്നു. പിന്നാലെ ബൗണ്ടറിക്ക് ഇപ്പുറത്ത് എത്തി പന്ത് കൈക്കലാക്കുകയും ചെയ്തു. അഞ്ച് പന്ത് നേരിട്ട ചരിത് അസലങ്ക റൺസൊന്നും എടുക്കാതെ പുറത്താകുകയും ചെയ്തു.

ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവിന്റെ ക്യാച്ച് ഓർമിപ്പിക്കുന്ന രീതിയിലാണ് മാറ്റ് ഹെൻ‍റി ക്യാച്ചെടുത്തത്. അന്ന് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറെ പിടികൂടാനാണ് സൂര്യകുമാർ യാദവ് ലോങ് ഓഫിൽ തന്റെ ഫീൽഡിങ് മികവ് പുറത്തെടുത്തത്. ലോകകപ്പ് ഫൈനലിൽ ഏഴ് റൺസിന് ഇന്ത്യയുടെ വിജയത്തിനും കാരണമായത് സൂര്യകുമാറിന്റെ ക്യാച്ചായിരുന്നു.

അതിനിടെ ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ശ്രീലങ്കയ്ക്കാണ് വിജയം. 140 റൺസിന്റെ തകർപ്പൻ വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 290 റൺസെടുത്തു. ന്യൂസിലാൻഡിന്റെ മറുപടി 29.4 ഓവറിൽ 150 റൺസിൽ അവസാനിച്ചു.

Content Highlights: Matt Henry does a Suryakumar Yadav in New Zealand vs Sri Lanka ODI

dot image
To advertise here,contact us
dot image