എഴുതിത്തള്ളിയിടത്തുനിന്ന് ഗംഭീര തിരിച്ചുവരവ് നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ പ്രശംസിച്ച് മുന്‍ താരം സഞ്ജയ് മഞ്ജരേക്കർ. സഞ്ജുവിന്റെ കടുത്ത ആരാധകനാണ് ഇപ്പോൾ താനെന്നാണ് മഞ്ജരേക്കർ പറയുന്നത്. ഇപ്പോൾ സഞ്ജുവിന്റെ ബാറ്റിങ്ങിൽ മുൻപത്തേക്കാൾ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് പറഞ്ഞ മഞ്ജരേക്കർ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ താരത്തെയും ഉൾപ്പെടുത്തണമെന്നും മഞ്ജരേക്കർ പറഞ്ഞു.
'ആത്മവിശ്വാസത്തോടെയും പക്വതയോടെയുമാണ് സഞ്ജു ഇപ്പോൾ ബാറ്റുവീശുന്നത്. മാത്രമല്ല സഞ്ജു ഇപ്പോള്‍ തന്റെ വിക്കറ്റിന് കൂടുതല്‍ മൂല്യവും കല്‍പ്പിക്കുന്നുണ്ട്. ചില വസന്തങ്ങൾ വൈകി പൂവിടാറുള്ളതുപോലെ ചിലയാളുകള്‍ കരിയറില്‍ അല്‍പ്പം വൈകി ശോഭിക്കുന്നവരാണ്. സഞ്ജുവിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്', മഞ്ജരേക്കർ അഭിപ്രായപ്പെട്ടു.
'മുമ്പ് പലപ്പോഴും നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്ന് തോന്നിപ്പിച്ചിരുന്നെങ്കിലും മതിയായ റണ്‍സ് സഞ്ജുവിന് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇതില്‍ മാറ്റം വന്നു കഴിഞ്ഞു. സഞ്ജുവിന്റെ ബാറ്റിങ് ഇപ്പോൾ ശക്തമാണ്. നന്നായി ബാറ്റ് ചെയ്യുന്നതിനൊപ്പം റണ്‍സും കണ്ടെത്താന്‍ അദ്ദേഹത്തിനു സാധിക്കുന്നുണ്ട്', മഞ്ജരേക്കർ പറഞ്ഞു.
I am a big fan of Sanju Samson now. It seemed earlier that he was batting well but where were the runs. Now the batting is anyway mighty, even the runs are there. For me he should in the CT squad not Pant
— BRUTU #AUG21 ❤️ (@Brutu24) January 11, 2025
Sanjay Manjereker pic.twitter.com/a36eBSRdjX
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ റിഷഭ് പന്തിനേക്കാൾ സ്ഥാനം അർഹിക്കുന്നത് സഞ്ജുവാണെന്നും മഞ്ജരേക്കർ കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിനെതിരേ ജനുവരി 22 മുതല്‍ തുടങ്ങാനിരിക്കുന്ന ടി20 പരമ്പരയുമായി ബന്ധപ്പെട്ട് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഫോളോ ദി ബ്ലൂസ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി20 ക്രിക്കറ്റിൽ മിന്നും ഫോമിലാണ് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ കളിക്കുന്നത്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്ന് സെഞ്ചറികളാണ് സഞ്ജു അടിച്ചെടുത്തത്. ബംഗ്ലാദേശിനെതിരായ അവസാന ട്വന്റി20യിൽ 47 പന്തിൽ 111 റൺസ് നേടിയാണ് സഞ്ജു വിമര്‍ശകർക്ക് മറുപടി നൽകിയത്. പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ 107 റൺസും അവസാന മത്സരത്തിൽ 109 റൺസും നേടി.
Content Highlights: Some people blossom a little late and Sanju Samson is like that: Sanjay Manjrekar