റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം ബുദ്ധിമുട്ടുകയാണെന്ന് പുതിയതായി നിയമിക്കപ്പെട്ട ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ. ബിസിസിഐ സെക്രട്ടറിയായി നിയമിക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സൈക്കിയ. ഇന്ത്യന്‍ ക്രിക്കറ്റിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് വലിയ വെല്ലുവിളിയാണെന്നും ബിസിസിഐ വിദഗ്ധരുമായി ചര്‍ച്ച നടത്തുകയാണെന്നും സൈക്കിയ പറഞ്ഞു.
𝐁𝐢𝐠 𝐜𝐡𝐚𝐧𝐠𝐞𝐬 𝐢𝐧 𝐁𝐂𝐂𝐈 𝐥𝐞𝐚𝐝𝐞𝐫𝐬𝐡𝐢𝐩! 🏏
— Sportskeeda (@Sportskeeda) January 13, 2025
Devajit Saikia replaces Jay Shah as Secretary, while Prabhtej Singh Bhatia steps into the role of Treasurer 🇮🇳🤝#BCCI #India #Officials #Cricket #Sportskeeda pic.twitter.com/ysgtAOrPi4
'ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തുന്നില്ല. ഓസ്ട്രേലിയയ്ക്കും ന്യൂസിലാന്‍ഡിനുമെതിരായ അവസാനത്തെ രണ്ട് പരമ്പരകളും ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ഇത് മനസ്സിലാകും. ഇത് വലിയ വെല്ലുവിളിയാണ്. ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോള്‍ ടെസ്റ്റ് പരമ്പരയിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പോരായ്മകള്‍ എന്തുതന്നെയാണെങ്കിലും അവയെ മറികടക്കേണ്ടതുണ്ട്', ബിസിസിഐ ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തില്‍ സൈക്കിയ വ്യക്തമാക്കി.
'എല്ലാ വിദഗ്ധരുടെ അഭിപ്രായവും ഞങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഈ ചര്‍ച്ചകളില്‍ നിന്ന് വളരെ മികച്ച ഫലം തന്നെയാണ് പ്രതീക്ഷിക്കുന്നത്. നമ്മുടെ മുന്നിലുള്ള അടിയന്തര വെല്ലുവിളി ഇംഗ്ലണ്ട് പരമ്പരയും അതിനു ശേഷം ചാമ്പ്യന്‍സ് ട്രോഫിയുമാണ്. ഐസിസി ചെയര്‍മാനും മുന്‍ ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഞാന്‍ മുന്നോട്ട് കൊണ്ടുപോകും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജയ് ഷായുടെ പിന്‍ഗാമിയായി കഴിഞ്ഞ ദിവസമാണ് ബിസിസിഐ പുതിയ സെക്രട്ടറിയായി മുന്‍ ആഭ്യന്തര ക്രിക്കറ്റ് താരമായ സൈക്കിയയെ തിരഞ്ഞെടുത്തത്. സെക്രട്ടറി സ്ഥാനത്തേക്ക് മറ്റാരും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാത്തതിനാല്‍ അസം സ്വദേശിയായ ദേവജിത് സൈക്കിയ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് വ്യക്തമായിരുന്നു. ബിസിസിഐയുടെ ട്രഷറര്‍ സ്ഥാനത്തേക്ക് ഛത്തീസ്ഗഡ് സ്വദേശി പ്രഭ്‌തേജ് സിങ് ഭാട്യയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ ട്രഷറര്‍ ആശിഷ് ഷേലാര്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ മന്ത്രിയായി ചുമതലയേറ്റതോടെയാണ് പുതിയ ഭാരവാഹിയെ തിരഞ്ഞെടുക്കേണ്ടി വന്നത്.
Content Highlights: India not doing well in Test cricket: New BCCI secretary vows to make changes