2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. 15 അംഗ സ്ക്വാഡിനെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്. സ്റ്റാർ ബൗളർ പാറ്റ് കമ്മിൻസാണ് ഓസീസ് ക്യാപ്റ്റൻ. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ കണങ്കാലിന് പരിക്കേറ്റ കമ്മിൻസ് ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കില്ലെന്ന വാർത്തകൾ നിലനിന്നിരുന്നു. എന്നാൽ ഇതിനെയെല്ലാം മറികടന്നാണ് ഇപ്പോൾ ഓസീസ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
JUST IN: Australia reveal a 15-player squad for the return of the ICC Champions Trophy next month | @jackpayn #ChampionsTrophy https://t.co/j4uK6Zkdl1
— cricket.com.au (@cricketcomau) January 13, 2025
ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ പേസര്‍ ജോഷ് ഹേസല്‍വുഡും 15 അംഗ ടീമിലുണ്ട്. മാറ്റ് ഷോർട്ട്, ആരോൺ ഹാർഡി എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. ഇരുവരും ആദ്യമായാണ് ഓസ്‌ട്രേലിയയുടെ ഏകദിന ടീമിൽ ഇടം പിടിക്കുന്നത്. അതേസമയം പരിക്കിൽ നിന്ന് മോചിതനല്ലാത്ത സ്റ്റാർ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനിന് ടീമിൽ ഇടം നേടാൻ സാധിച്ചിട്ടില്ല.
2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫി നടക്കുക. ഫെബ്രുവരി 22ന് ലാഹോറിൽ ഇംഗ്ലണ്ടിനെതിരെയാണ് കങ്കാരുപ്പടയുടെ ആദ്യ മത്സരം. ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് ബിയിൽ ആണ് ഓസ്ട്രേലിയ ഇടം നേടിയിട്ടുള്ളത്. ഓസ്‌ട്രേലിയയ്ക്കൊപ്പം ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുമാണ് ഗ്രൂപ്പിൽ ഉള്ളത്.
ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഓസ്‌ട്രേലിയ ടീം: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), അലക്സ് കാരി, നഥാൻ എല്ലിസ്, ആരോൺ ഹാർഡി, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലാബുഷെയ്ൻ, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, ആദം സാംപ.
Content Highlights: Pat Cummins to lead Australia at ICC Men's Champions Trophy 2025