ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി ഏതാനും മാസങ്ങൾ കൂടി തുടരാൻ അനുവദിക്കണമെന്ന് രോഹിത് ശർമ ബിസിസിഐയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ അന്താരാഷ്ട്ര കരിയറിന് വിരാമമിടാൻ താൻ ആഗ്രഹിക്കുന്നുവെന്നാണ് രോഹിത് ബിസിസിഐയെ അറിയിച്ചത്. ഇന്ത്യൻ ടീമിനേൽക്കുന്ന തുടർപരാജയങ്ങളുടെ അടിസ്ഥാനത്തിലും ബാറ്റിങ്ങും ക്യാപ്റ്റൻസിയും മോശമാകുന്ന സാഹചര്യത്തിലും രോഹിത് ശർമ ക്രിക്കറ്റിൽ നിന്ന് വിരമിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് താരം ബിസിസിഐയോട് അഭ്യർത്ഥന നടത്തിയിരിക്കുന്നത്.
ചാംപ്യൻസ് ട്രോഫി വരെ ഇന്ത്യൻ ടീമിന്റെ ഭാഗമാകാനാണ് രോഹിത് ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇക്കാലയളവിൽ തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ ബിസിസിഐയ്ക്ക് മുൻകൈയ്യെടുക്കാം എന്നും രോഹിത് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചതായാണ് വിവരം. അതിനിടെ കഴിഞ്ഞ ദിവസം ചേർന്ന ബിസിസിഐ യോഗത്തിൽ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനവും ചർച്ചയായെന്നാണ് റിപ്പോർട്ടുകൾ.
ടെസ്റ്റ്, ഏകദിന ടീമുകൾക്ക് പുതിയ നായകനെ കണ്ടെത്തും വരെ രോഹിത് ശർമ തന്നെയാണ് ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്ത് തുടരുക. പിന്നാലെ ജസ്പ്രീത് ബുംമ്ര ടെസ്റ്റ് ക്യാപ്റ്റനായാലും താരത്തെ തുടർച്ചയായി പരിക്കുകൾ അലട്ടുന്നതും ബിസിസിഐ യോഗത്തിൽ ചർച്ചയായി. ഇതോടെ ബുംമ്രയ്ക്ക് ശക്തനായ വൈസ് ക്യാപ്റ്റനെ നിയോഗിക്കണമെന്നാണ് ഉയർന്നുവന്ന ആശയം.
ടെസ്റ്റ് ക്രിക്കറ്റിൽ യശസ്വി ജയ്സ്വാളിനെ വൈസ് ക്യാപ്റ്റനാക്കണമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീർ പറഞ്ഞത്. എന്നാൽ ബിസിസിഐ സെലക്ടർമാർ റിഷഭ് പന്തിനെ വൈസ് ക്യാപ്റ്റനാക്കണമെന്നാണ് ആവശ്യപ്പെട്ടത്. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിയെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെ ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയെയും നയിച്ചത് പന്തിന് അനുകൂല ഘടകമായി ചൂണ്ടിക്കാട്ടപ്പെട്ടു.
ഏകദിന ക്രിക്കറ്റിലും ക്യാപ്റ്റനായി പരിഗണനയിലുള്ളത് ജസ്പ്രീത് ബുംമ്രയുടെ പേരാണ്. എന്നാൽ പേസ് ബൗളറായ ബുംമ്രയുടെ ജോലിഭാരം വർദ്ധിപ്പിക്കുന്നതാവും ഏകദിന ടീമിന്റെ നായകസ്ഥാനമെന്നും വിലയിരുത്തലുണ്ടായി. ഇതോടെ ട്വന്റി 20 നായകനായ സൂര്യകുമാർ യാദവിന്റെ പേര് ഏകദിന ക്രിക്കറ്റിലേക്കും പരിഗണിക്കപ്പെട്ടിട്ടുണ്ട്. ഏതായാലും ഏകദിന, ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തിൽ ഉടൻ തീരുമാനം ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വിരൽ ചൂണ്ടുന്നത്.
Content Highlights: Rohit Sharma Asks BCCI To Let Him Remain Captain