ബോർഡർ- ഗാവസ്കർ ട്രോഫിയിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തോൽവി വിലയിരുത്താൻ ചേർന്ന യോഗത്തിൽ താരങ്ങളുടെ ശമ്പളത്തിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനമെടുത്ത് ബിസിസിഐ. പ്രകടനം നന്നായില്ലെങ്കിൽ താരങ്ങളുടെ ശമ്പളത്തിൽ നേരിയ കുറവ് വരുത്താനാണ് ബിസിസിഐ നീക്കം. കഴിഞ്ഞ വർഷം ടെസ്റ്റ് ക്രിക്കറ്റ് കൂടുതലായി കളിക്കുന്ന താരങ്ങൾക്ക് ശമ്പളത്തിനൊപ്പം ഇൻസന്റീവും നൽകാൻ ബിസിസിഐ തീരുമാനിച്ചിരുന്നു. എന്നാൽ അതിന് ശേഷവും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ താരങ്ങൾ താൽപ്പര്യക്കുറവ് കാണിക്കുന്നുണ്ടെന്നാണ് ബിസിസിഐ നിരീക്ഷണം.
താരങ്ങൾക്കൊപ്പം പരമ്പരയ്ക്കിടെ കുടുംബം അനുഗമിക്കുന്നതിലും ഇനി നിയന്ത്രണം ഉണ്ടാകും. 45 ദിവസം നീണ്ടുനിൽക്കുന്ന ഒരു പരമ്പരയാണെങ്കിൽ താരത്തിന്റെ കുടുംബാംഗങ്ങൾക്ക് പരമാവധി രണ്ടാഴ്ച കൂടെ നിൽക്കാം. എല്ലാ താരങ്ങളും നിർബന്ധമായും ടീം ബസിൽ സഞ്ചരിച്ചിരിക്കണം. ഒരു താരത്തിനും മറ്റു വാഹനങ്ങളിൽ സഞ്ചരിക്കാൻ അനുമതിയുണ്ടാവില്ല.
ഇന്ത്യൻ ക്രിക്കറ്റ് ടീം അവസാനം കളിച്ച 10 മത്സരങ്ങളിൽ മൂന്നിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. 12 വർഷത്തിന് ശേഷം സ്വന്തം മണ്ണിൽ ഇന്ത്യ ടെസ്റ്റ് പരമ്പര പരാജയപ്പെടുകയും ചെയ്തു. 10 വർഷത്തിന് ശേഷം ബോർഡർ-ഗാവസ്കർ ട്രോഫിയിലും ഇന്ത്യ കീഴടങ്ങി. ടെസ്റ്റ് ചാംപ്യൻഷിപ്പ് ചരിത്രത്തിലാദ്യമായി ഫൈനൽ കാണാതെ ഇന്ത്യൻ ടീം പുറത്തായതോടെയാണ് ബിസിസിഐ നടപടികൾ കടുപ്പിക്കാനൊരുങ്ങുന്നത്.
Content Highlights: BCCI Likely To Introduce Performance-Based Variable Pay Structure For Players