ഐസിസിയുടെ ഡിസംബറിലെ താരമായി ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുംമ്രയെ തിരഞ്ഞെടുത്തു. ഡിസംബറില്‍ കളിച്ച മൂന്ന് ടെസ്റ്റില്‍ 14.22 ശരാശരിയില്‍ 22 വിക്കറ്റ് വീഴ്ത്തിയാണ് ജസ്പ്രീത് ബുംമ്ര ഡിസംബറിലെ ഏറ്റവും മികച്ച പുരുഷ താരമായത്. ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ മാത്രം താരം 32 വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് വേണ്ടി നേടിക്കൊടുത്തത്. ലാസ്റ്റ് ഓർഡർ ബാറ്ററായിട്ട് കൂടി ബാറ്റ് കൊണ്ടും ബുംമ്ര ഭേദപ്പെട്ട പ്രകടനം നടത്തി.
ഡിസംബറിൽ നടന്ന മത്സരങ്ങളിലേക്ക് നോക്കിയാൽ അഡ്‌ലെയ്ഡില്‍ 61 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത ബുമ്ര ബ്രിസ്ബേന്‍ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 76 റണ്‍സ് വഴങ്ങി ആറ് വിക്കറ്റും രണ്ടാം ഇന്നിംഗ്സില്‍ 18 റണ്‍സ് മൂന്ന് വിക്കറ്റും നേടിയിരുന്നു. മെല്‍ബണില്‍ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റിലാകട്ടെ 57 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തും താരം തിളങ്ങി.
ഐസിസി പ്ലേയര്‍ ഓഫ് ദ് മന്തായതിന് പുറമെ ഐസിസി ബൗളിംഗ് റേറ്റിംഗില്‍ കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ് പോയന്‍റും(908) ബുംമ്ര നേരത്തെ സ്വന്തമാക്കിയിരുന്നു. ബൗളിംഗ് റേറ്റിംഗില്‍ രണ്ടാമതുള്ള പാറ്റ് കമ്മിൻസിന് 841 പോയിന്റാണുള്ളത്. മികച്ച ക്രിക്കറ്റര്‍ക്കും മികച്ച ടെസ്റ്റ് ബൗളര്‍ക്കുമുള്ള കഴിഞ്ഞ വര്‍ഷത്തെ ഐസിസി പുരസ്കാരങ്ങള്‍ക്കായുള്ള ചുരുക്കപ്പട്ടികയിലും ബുംമ്രയുണ്ട്.
Say hello 👋 to the ICC Men's Player of the Month for December 2024! 🔝
— BCCI (@BCCI) January 14, 2025
A round of applause for Jasprit Bumrah! 👏 👏 #TeamIndia pic.twitter.com/2ZpYHVv2L1
ഓസ്ട്രേലിയയുടെ അന്നാബെല്‍ സതര്‍ലാന്‍ഡാണ് വനിതാ താരം. ഇത് രണ്ടാം തവണയാണ് ബുമ്ര ഐസിസിയുടെ പ്ലേയര്‍ ഓഫ് ദ് മന്തായി തെരഞ്ഞെടുക്കപ്പെടുന്നത്. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിൻസ്, ദക്ഷിണാഫ്രിക്കയുടെ ഡെയ്ന്‍ പീറ്റേഴ്സണ്‍ എന്നിവരെ പിന്തള്ളിയാണ് ബുമ്ര മികച്ച താരമായത്. ഇന്ത്യയുടെ സ്മൃതി മന്ദാനയെയും നോൺകുലുലേക്കോ മ്ലാബയെയും പിന്തള്ളിയാണ് സതര്‍ലാന്‍ഡ് മികച്ച വനിതാ താരമായത്.
Content Highlights: ICC Men's Player of the Month for December 2024; Jasprit bumrah