അടുത്ത മാസം 19ന് ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ വിജയ് ഹസാരെ ട്രോഫി ഫൈനലിന് ശേഷം പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 18നാണ് വിജയ് ഹസാരെ ട്രോഫിയുടെ ഫൈനൽ നടക്കുക. പ്രധാനമായും രണ്ട് സ്ഥാനത്തേയ്ക്കാണ് ബിസിസിഐക്ക് താരങ്ങളെ കണ്ടെത്താനുള്ളത്. ഇതാണ് ഇന്ത്യൻ ടീമിന്റെ പ്രഖ്യാപനം വൈകിക്കുന്നതെന്നാണ് സൂചന.
വിക്കറ്റ് കീപ്പറായി ആരെ തിരഞ്ഞെടുക്കുമെന്നതാണ് സെലക്ടർമാരുടെ പ്രധാന തലവേദന. റിഷഭ് പന്തിനൊപ്പം കെ എൽ രാഹുൽ വിക്കറ്റ് കീപ്പറായി വേണ്ടെന്നാണ് ബിസിസിഐ തീരുമാനം. 2023ലെ ഏകദിന ലോകകപ്പിൽ കെ എൽ രാഹുൽ വിക്കറ്റ് കീപ്പറായത് ഇന്ത്യൻ ടീമിനെ സന്തുലിതമാക്കിയിരുന്നു. എന്നാൽ രാഹുൽ ഒരു സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർ അല്ലെന്നതാണ് ബിസിസിഐയെ പിന്തിരിപ്പിക്കുന്നത്. ഇതോടെ വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ, ധ്രുവ് ജുറേൽ എന്നിവർക്കൊപ്പം ഇഷാൻ കിഷന്റെ പേരും ബിസിസിഐ പരിഗണിക്കുന്നുണ്ട്.
പരിക്കിന്റെ പിടിയിലുള്ള കുൽദീപ് യാദവിന് പകരമായി ആര് കളിക്കുമെന്നതാണ് സെലക്ടർമാരുടെ മറ്റൊരു ചർച്ച. ഈ സ്ഥാനത്തേയ്ക്ക് വരുൺ ചക്രവർത്തിയുടെ പേരാണ് നിലവിലുള്ളത്. വിജയ് ഹസാരെ ട്രോഫിയിൽ ആറ് മത്സരങ്ങളിൽ നിന്നായി 18 വിക്കറ്റുകൾ വീഴ്ത്തിയെന്നതും വരുണിന് ഗുണം ചെയ്തേക്കും.
Content Highlights: Selectors to pick Champions Trophy squad after Vijay Hazare Trophy final