എം എസ് ധോണിയ്ക്ക് മാത്രമല്ല, 39ാം വയസിൽ അതേ റിഫ്ലക്സോടെ വിക്കറ്റിന് പിറകിൽ പറന്ന് ക്യാച്ചെടുക്കാനുള്ള ടെക്നിക്ക് വെറ്ററൻ താരം ദിനേഷ് കാർത്തിക്കിനുമറിയാം. കളിക്കാരനായും കമന്റേറ്ററായുമല്ലാം ക്രിക്കറ്റ് മൈതാനത്ത് തിളങ്ങിനിൽക്കുന്ന ദിനേഷ് കാർത്തിക് ഐ പി എൽ മതിയാക്കിയതിനു ശേഷം സൗത്താഫ്രിക്കൻ ടി20 ലീഗിലും തന്റെ അക്രോബാറ്റിക് ഫീൽഡിങ് കൊണ്ട് ക്രിക്കറ്റ് പ്രേമികളെ അത്ഭുതപ്പെടുത്തുകയാണ്.
2025 സൗത്താഫ്രിക്കൻ ടി20 ലീഗിലെ ഒൻപതാം മത്സരത്തിലായിരുന്നു ദിനേഷ് കാർത്തിക്കിന്റെ മാസ്മരിക ക്യാച്ച് പിറന്നത്. മത്സരത്തിൽ അഞ്ചാം ഓവറിലായിരുന്നു ഏവരുടേയും ശ്രദ്ധയാകർഷിച്ച ക്യാച്ച് പിറന്നത്. അസ്മത്തുള്ള ഒമർസായിയെ പുറത്താക്കാനായിരുന്നു വിക്കറ്റ് കീപ്പറായ കാർത്തിക് തകർപ്പൻ ഒറ്റക്കയ്യൻ ക്യാച്ചിലൂടെ പുറത്താക്കിയത്. പേൾ റോയൽസിനായി കളത്തിലിറങ്ങിയ കാർത്തിക് ഡയ്യാൻ ഗാലിമിന്റെ ഓവറിലായിരുന്നു ക്യാച്ച് എടുത്തത്.
39 YEAR OLD DINESH KARTHIK WITH A BEAUTY. 🦅pic.twitter.com/kmJgZORQUS
— Mufaddal Vohra (@mufaddal_vohra) January 15, 2025
വിക്കറ്റിനു നേരെ വന്ന പന്തിൽ ഒമർസായി എഡ്ജ് ചെയ്യുകയായിരുന്നു. കാർത്തിക്കിന്റെ വലതു വശത്തേക്ക് പറന്ന പന്തിൽ കാർത്തിക് മുഴുനീള ഡൈവിലൂടെ ഒറ്റക്കൈ കൊണ്ട് പന്ത് പിടിച്ചെടുക്കുകയായിരുന്നു. ഇതിനകം തന്നെ കാർത്തികിന്റെ ഈ പ്രായത്തിലുമുള്ള റിഫ്ലക്സും അക്രോബാറ്റിക് വിക്കറ്റ് കീപ്പിങ്ങും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ആരാധകർ ധോണിയുടെ റിഫ്ലക്സുകളുമായിട്ടാണ് ഇപ്പോൾ ഈ ക്യാച്ചിനെ താരതമ്യം ചെയ്യുന്നത്.
content highlights: Dinesh Karthik's stunning catch in sa t20