ഓസ്‌ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗില്‍ (ബിബിഎല്‍) വെടിക്കെട്ട് പ്രകടനവുമായി ഇംഗ്ലീഷ് യുവതാരം ജേക്കബ് ബെതല്‍. ഐപിഎല്‍ താരലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 2.60 കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരമാണ് ജേക്കബ് ബെതല്‍. ബിബിഎല്ലില്‍ മെല്‍ബണ്‍ റെനഗേഡ്‌സിന് വേണ്ടി കളിക്കുന്ന 21കാരന്‍ നിര്‍ണായകമായ അര്‍ധ സെഞ്ച്വറി നേടിയാണ് തിളങ്ങിയത്.
Superstar Jacob Bethell ready to conquer at chinnaswamy 🥵pic.twitter.com/DsuhDSkzSw https://t.co/656nXzVJ8T
— virashtra (@virashtriox) January 15, 2025
ഹോബര്‍ട്ട് ഹരിക്കെയ്ന്‍സിനെതിരായ മത്സരത്തിലാണ് ബെതല്‍ അര്‍ധ സെഞ്ച്വറി നേടിയത്. 50 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും ഉള്‍പ്പടെ 87 റണ്‍സ് അടിച്ചെടുത്തായിരുന്നു ബെതലിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. ഇതോടെ ബിബിഎല്ലിലെ കന്നി അര്‍ധ സെഞ്ച്വറിയാണ് ബെതല്‍ സ്വന്തമാക്കിയത്.
ബെതലിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തില്‍ റെനഗേഡ്സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടി. സ്‌കോര്‍ ബോര്‍ഡില്‍ ഒന്‍പത് റണ്‍സ് ആയപ്പോഴേക്കും റെനഗേഡ്സിന്റെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ നാലാമനായി എത്തിയ ബെതല്‍ ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്നു രക്ഷിക്കുകയായിരുന്നു.
ബൗളിങ്ങിലും ബെതല്‍ തിളങ്ങി. മറുപടി ബാറ്റിങ്ങില്‍ മൂന്ന് ഓവറുകള്‍ പന്തെറിഞ്ഞ ബെതല്‍ 29 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. എന്നാല്‍ മത്സരത്തില്‍ ഹോബര്‍ട്ട് ഹരിക്കെയ്ന്‍സ് നാല് വിക്കറ്റുകളുടെ വിജയം സ്വന്തമാക്കുകയായിരുന്നു. റെനഗേഡ്‌സ് ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങില്‍ രണ്ട് പന്തുകള്‍ ശേഷിക്കെ ഹരിക്കെയ്ന്‍സ് എത്തി.
അതേസമയം ഐപിഎല്ലിന്റെ വരും സീസണില്‍ ആര്‍സിബി ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്ന പ്രകടനമാണ് ബെതല്‍ പുറത്തെടുത്തിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇംഗ്ലണ്ടിന് വേണ്ടി അര്‍ധ സെഞ്ച്വറി നേടി ബെതല്‍ ശ്രദ്ധ നേടിയിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ അടുത്ത 'ബിഗ് സ്റ്റാര്‍' എന്നാണ് ഇംഗ്ലീഷ് സ്‌പോര്‍ട്‌സ് മാധ്യമങ്ങളടക്കം ബെതലിനെ വിശേഷിപ്പിക്കുന്നത്. വരാനിരിക്കുന്ന സീസണില്‍ മിന്നുംപ്രകടനം പുറത്തെടുക്കാനായാല്‍ ആര്‍സിബിയുടെ ഭാവി താരമായി ബെതല്‍ മാറുമെന്ന് ഉറപ്പാണ്.
Content Highlights: RCB all-rounder Jacob Bethel scores maiden BBL half-century