ബാറ്റിങ് ശരാശരി 752 ആയി!, ഇത്തവണയും കരുൺ നായർ വിജയ് ഹസാരെയിൽ നോട്ട് ഔട്ട്; ഇനിയും തെളിയിക്കണോ?

44 പന്തിൽ അഞ്ച് സിക്സറുകളും ഒമ്പത് ഫോറുകളും അടക്കം 200 സ്ട്രൈക്ക് റേറ്റിൽ 88 റൺസാണ് പുറത്താകാതെ താരം നേടിയത്.

dot image

വിജയ് ഹസാരെ ട്രോഫി രണ്ടാം സെമി ഫൈനലിലും കരുണ്‍ നായരുടെ അഴിഞ്ഞാട്ടം. 44 പന്തിൽ അഞ്ച് സിക്സറുകളും ഒമ്പത് ഫോറുകളും അടക്കം 200 സ്ട്രൈക്ക് റേറ്റിൽ 88 റൺസാണ് പുറത്താകാതെ താരം നേടിയത്. ഇതോടെ താരത്തിന്റെ ബാറ്റിങ് ആവറേജ് 752 ആയി. വിജയ് ഹസാരെയിൽ താരം ഇത് വരെ 752 റൺസാണ് നേടിയത്. ഒരു മത്സരത്തിലും താരത്തിന്റെ വിക്കറ്റ് വീണിട്ടില്ല. വിദർഭയെ സെമിയിൽ എത്തിക്കുന്നതിൽ കരുൺ പ്രധാന പങ്കുവഹിച്ചു. സീസണിൽ അഞ്ച് സെഞ്ച്വറിയാണ് കരുൺ നായർ ഇതുവരെ നേടിയത്.

ഇന്ത്യൻ ടെസ്റ്റ് ടീമിൽ ആറ് മത്സരങ്ങളിൽ നിന്നായി ഏഴ് ഇന്നിങ്‌സുകളിൽ നിന്ന് 374 റൺസാണ് കരുണിന്റെ സമ്പാദ്യം. 2016ൽ ചെന്നൈയിലാണ് കരുൺ അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചത്. അന്ന് 303 റൺസുമായി പുറത്താകാതെ നിന്ന കരുൺ ടെസ്റ്റ് ക്രിക്കറ്റിൽ വിരേന്ദർ സെവാ​ഗിന് ശേഷം ട്രിപ്പിൾ സെഞ്ച്വറി നേടിയ ഇന്ത്യൻ താരമായി മാറിയിരുന്നു.

എന്നാൽ അതിന് ശേഷം കരുണിന് ഇന്ത്യൻ ടീമിൽ കളിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ 33കാരനായ താരത്തിന് വീണ്ടുമൊരു അവസരം ലഭിക്കുമോയെന്ന് അറിയാനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.

കരുണ്‍ നായർക്ക് പുറമെ യാഷ് റാത്തോഡും ധ്രുവ് ഷോറെയും സെഞ്ച്വറിയുമായി തകർത്തപ്പോൾ വിദര്‍ഭ മഹാരാഷ്ട്രക്കെതിരെ 381 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം മുന്നിൽ വെച്ചു. ഇവരെ കൂടാതെ ജിതേഷ് ശര്‍മയും തകർത്തടിച്ചു. ധ്രുവ് ഷോറെ 114 റൺസും യാഷ് റാത്തോഡ് 116 റൺസും ജിതേഷ് ശർമ 51 റൺസും നേടി. നിലവിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്ര 12 ഓവറിൽ രണ്ട് വിക്കറ്റിന് 61 റൺസ് എന്ന നിലയിലാണ്.

വിദര്‍ഭ-മഹാരാഷ്ട്ര രണ്ടാം സെമിയിലെ വിജയികള്‍ ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ കര്‍ണാടകയെ നേരിടും. ആദ്യ സെമിയില്‍ ഹരിയാനയെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് കര്‍ണാടക ഫൈനലിലെത്തിയത്.

Content Highlights: Batting average raised to 752!; Malayali player Karun Nair in Vijay Hazare in the semi-finals

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us