ഓസ്ട്രേലിയക്കെതിരെയും മുമ്പും നടന്ന പരമ്പരയിലെ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ മോശം പ്രകടനത്തിന് പിന്നാലെ പുതിയ ബാറ്റിങ് പരിശീലകനെ നിയമിച്ച് ബിസിസിഐ. സിതാൻഷു കൊട്ടകിനെയാണ് ഇന്ത്യയുടെ പുതിയ ബാറ്റിങ് പരിശീലകനായി ബിസിസിഐ നിയമിച്ചത്. നിലവില്‍ ഗംഭീറിന് കീഴില്‍ സഹപരിശീലകനും ബാറ്റിങ് പരിശീലകനുമായ അഭിഷേക് നായർക്ക് പുറമെയാണ് കൊട്ടകിന്റെ നിയമനം.
ബാറ്റിങ് പരിശീലകനായി അഭിഷേക് നായര്‍ ഉണ്ടെങ്കിലും വലിയ റോളുകൾ അദ്ദേഹത്തിനില്ലായിരുന്നു. പലപ്പോഴും സഹ പരിശീലകന്റെ റോൾ മാത്രമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് ബാറ്റിങ് പരിശീലിപ്പിക്കാൻ മാത്രമായി ഒരു മുഴുനീള പരിശീലകനെ ബിസിസിഐ ടീമിനൊപ്പമെത്തിച്ചത്.
ആഭ്യന്തര ക്രിക്കറ്റിൽ മുന്‍ സൗരാഷ്ട്ര ബാറ്ററായിരുന്നു സിതാൻഷു. നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ബാറ്റിങ് പരിശീലകനാണ്. നേരത്തെയും ഇന്ത്യന്‍ സീനിയര്‍ ടീം, എ ടീമുകളുടെ വിദേശ പര്യടനങ്ങളിലും കൊട്ടക് കോച്ചായി പ്രവര്‍ത്തിച്ചിരുന്നു. 130 മത്സരങ്ങളിൽ നിന്ന് 15 സെഞ്ച്വറികൾ ഉൾപ്പെടെ 8,000-ത്തിലധികം ഫസ്റ്റ് ക്ലാസ് റൺസ് വാരിക്കൂട്ടിയ കൊട്ടക് ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഇടംകൈയ്യൻ താരമായാണ് കണക്കാക്കപ്പെടുന്നത്. 2017 ഐപിഎൽ സീസണിൽ ഗുജറാത്ത് ലയൺസിൻ്റെ അസിസ്റ്റൻ്റ് കോച്ചായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
'അഭിഷേകിന്റെ ഉപദേശങ്ങള്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ കാര്യമായ പ്രകടനത്തിനു സഹായിക്കുന്നില്ല. കൊട്ടക് സ്‌പെഷലിസ്റ്റ് ബാറ്റിങ് കോച്ചാണ്. ദീര്‍ഘ നാളത്തെ പരിചയവും താരങ്ങളെ അടുത്തറിയാമെന്ന മുന്‍തൂക്കവും അദ്ദേഹത്തിനുണ്ട്', ഒരു ബിസിസിഐ വക്താവ് പുതിയ നിയമനം സംബന്ധിച്ചു വ്യക്തമാക്കിയത് ഇങ്ങനെ. അഭിഷേക് നായർ തുടരുമോ എന്ന കാര്യത്തിൽ അദ്ദേഹത്തിന്റെ ടീമുമായുള്ള സംഭാവന നിരീക്ഷിച്ചുവരികയായെന്നും ബിസിസിഐ വക്താവ് വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകള്‍.
Content Highlghts: Despite Pietersen saying OK, BCCI came up with that one name; Who is the new batting coach Sitanshu?