ഇന്ത്യയുടെ സ്റ്റാർ പേസർ ബുംമ്രയുടെ പരിക്കിനെക്കുറിച്ചുള്ള വാർത്തകൾ നേരത്തെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ബുംമ്ര അടുത്ത മാസം ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ കളിച്ചേക്കില്ല എന്നായിരുന്നു റിപ്പോർട്ടുകൾ. ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫി പരമ്പരയിലെ അവസാന ടെസ്റ്റിനിടെ പരിക്കേറ്റ ജസ്പ്രീത് ബുംമ്രയ്ക്ക് ഡോക്ടര്‍മാര്‍ ബെഡ് റെസ്റ്റ് നിര്‍ദേശിച്ചു എന്ന തരത്തിലായിരുന്നു വാർത്തകൾ. എന്നാൽ ഇതിനെ തള്ളി രംഗത്ത് വന്നിരിക്കുകയാണ് ബുംമ്ര.
I know fake news is easy to spread but this made me laugh 😂. Sources unreliable 😂 https://t.co/nEizLdES2h
— Jasprit Bumrah (@Jaspritbumrah93) January 15, 2025
സോഷ്യൽ മീഡിയയിൽ ബുംമ്രയുടെ രോഗവിവരത്തെക്കുറിച്ചുള്ള വാർത്തയുടെ ചുവടെയാണ് ബുംമ്ര കമന്റുമായി രംഗത്തെത്തിയത്. ഈ വാർത്തയുടെ ഉറവിടം വിശ്വസനീയമല്ല. എനിക്കറിയാം ഫേക്ക് ന്യൂസ് വളരെ വേഗത്തിൽ പരക്കുമെന്ന്. പക്ഷേ, ഇതെന്നെ ചിരിപ്പിക്കുന്നു എന്നാണ് ബുംമ്ര കമന്റുമായി എത്തിയത്.
ഇന്ത്യൻ എക്സ്പ്രസാണ് കഴിഞ്ഞ ദിവസങ്ങളിൽ ബുംമ്രയുടെ പരിക്കിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവിട്ടിരുന്നത്. കഴിഞ്ഞ ആഴ്ച ഓസ്ട്രേലിയയില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ ബുമ്ര ബെംഗളുരുവിലെ സെന്‍റര്‍ ഓഫ് എക്സലന്‍സില്‍ വിശ്രമത്തിലായിരുന്നു. പരിക്കേറ്റ പേശികൾ ശക്തമാകാനും നീര് ഒഴിവാക്കുവാനും ബുംമ്രയ്ക്ക് ഡോക്ടര്‍മാര്‍ ബെഡ് റെസ്റ്റാണ് നിര്‍ദേശിച്ചിരിക്കുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ. അടുത്ത് തന്നെ ഏതെങ്കിലും പരമ്പരയിൽ പങ്കെടുക്കുന്നത് അപകടം ചെയ്യുമെന്നും പരിക്ക് വഷളായാല്‍ നീണ്ട വിശ്രമം ആവശ്യമായി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേ സമയം ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ വരും ദിവസങ്ങളില്‍ സെലക്ടര്‍മാര്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിൽ നിന്ന് ബുംമ്രയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു.
content highlights: Jasprit Bumrah dismisses recent ‘bed rest’ reports