അടുത്ത മാസം നടക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യൻ ടീമിൽ സൂര്യകുമാർ യാദവിന്റെ സാന്നിധ്യം ആവശ്യമായിരുന്നുവെന്ന് മുൻ താരം സുരേഷ് റെയ്ന. കഴിഞ്ഞ ഏകദിന ലോകകപ്പിൽ സൂര്യകുമാർ ഇന്ത്യൻ നിരയിലെ നിർണായക സാന്നിധ്യമായിരുന്നു. സൂര്യ ഒരു 360 ഡിഗ്രി താരമാണ്. ഏത് സാഹചര്യത്തിലും ഓവറിൽ ഒമ്പത് റൺസ് വെച്ച് നേടുവാൻ സൂര്യയ്ക്ക് കഴിയും. എതിരാളികൾക്കുമേൽ ആധിപത്യം സൃഷ്ടിക്കാൻ സൂര്യകുമാറിന്റെ വ്യത്യസ്തമായ ബാറ്റിങ് ശൈലിക്ക് സാധിക്കുമെന്നും സ്റ്റാർ സ്പോർട്സ് പ്രസ് റൂം പ്രോഗ്രാമിൽ സുരേഷ് റെയ്ന പറഞ്ഞു.
ഇന്ത്യൻ ടീമിന്റെ മധ്യനിരയിൽ സൂര്യകുമാർ ഉണ്ടെങ്കിൽ അതൊരു 'എക്സ് ഫാക്ടർ' ആണ്. തീർച്ചയായും സൂര്യയുടെ അസാന്നിധ്യം ഇന്ത്യയ്ക്ക് തിരിച്ചടിയാകും. നിലവിൽ മികച്ച ഫോമിലല്ലാത്ത ഇന്ത്യൻ ബാറ്റിങ് നിരയിലെ ആദ്യ മൂന്ന് താരങ്ങളിലേക്ക് റൺസ് നേടാനുള്ള ഉത്തരവാദിത്തം കൂടുകയാണെന്നും സുരേഷ് റെയ്ന വ്യക്തമാക്കി.
ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിന്റെ മധ്യനിരയുടെ ഉത്തരവാദിത്തം കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, റിഷഭ് പന്ത് തുടങ്ങിയ താരങ്ങൾക്കാണ്. മുൻ നിരയിൽ രോഹിത് ശർമ, ശുഭ്മൻ ഗിൽ, വിരാട് കോഹ്‍ലി തുടങ്ങിയ താരങ്ങളുമുണ്ട്. യശസ്വി ജയ്സ്വാളിന് ബാക്ക് അപ്പ് ഓപണറുടെ റോൾ നൽകാനാവും സാധ്യത കൂടുതൽ.
ചാംപ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്‍ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ‍്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്.
Content Highlights: Suresh Raina warns BCCI on missing Suryakumar Yadav in the middle order