പാകിസ്താനെതിരായ ഒന്നാം ടെസ്റ്റിൽ ചരിത്രം കുറിച്ച് വെസ്റ്റ് ഇൻഡീസ് സ്പിന്നർ ജോമൽ വരികാൻ. പാക് മണ്ണിൽ ഏറ്റവും മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത വിൻഡീസ് സ്പിന്നറായിരിക്കുകയാണ് വരികാൻ. പാകിസ്താനെതിരെ രണ്ടാം ഇന്നിംഗ്സിൽ 18 ഓവറിൽ 32 റൺസ് വിട്ടുകൊടുത്ത വരികാൻ ഏഴ് വിക്കറ്റുകൾ സ്വന്തമാക്കി. 66 വർഷം പഴക്കമുള്ള റെക്കോർഡാണ് താരം മറികടന്നത്. വിൻഡീസ് മുൻ സ്പിന്നർ സോണി രമാദിന്റെ പേരിലുള്ള 25 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റെന്ന നേട്ടമാണ് വരികാൻ തിരുത്തിക്കുറിച്ചത്. രണ്ട് ഇന്നിംഗ്സിലുമായി 10 വിക്കറ്റുകൾ നേടാനും വരികാന് കഴിഞ്ഞു.
മുൾട്ടാൻ ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഒന്നാം ഇന്നിംഗ്സിൽ 230 റൺസിന് ഓൾ ഔട്ടായി. സൗദ് ഷക്കീൽ 84 റൺസും മുഹമ്മദ് റിസ്വാൻ 71 റൺസും നേടി. ഇതിന് മറുപടി പറഞ്ഞ വെസ്റ്റ് ഇൻഡീസ് ആദ്യ ഇന്നിംഗ്സിൽ വെറും 137 റൺസിൽ പുറത്തായി. 31 റൺസുമായി പുറത്താകാതെ നിന്ന് ജോമൽ വരികാൻ ബാറ്റിങ്ങിലും താരമായി.
ആദ്യ ഇന്നിംഗ്സിൽ 93 റൺസിന്റെ ലീഡ് നേടാൻ പാകിസ്താന് കഴിഞ്ഞു. രണ്ടാം ഇന്നിംഗ്സിൽ പാകിസ്താൻ 157 റൺസിൽ എല്ലാവരും പുറത്തായി. ഷാൻ മസൂദ് 52 റൺസ് നേടി. പിന്നാലെ 251 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച വെസ്റ്റ് ഇൻഡീസിന് രണ്ടാം ഇന്നിംഗ്സിൽ 123 റൺസെടുക്കാനെ കഴിഞ്ഞുള്ളു. അലിക് അത്നാസെ 55 റൺസ് നേടി വിൻഡീസ് നിരയിലെ ടോപ് സ്കോററായി.
Content Highlights: West Indies Spinner Breaks 66-Year-Old Record