ഇംഗ്ലണ്ടിനെതിരായ ട്വന്റി 20, ഏകദിന പരമ്പരകൾക്ക് മുമ്പ് കായികക്ഷമത ഉറപ്പുവരുത്തി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ജനുവരി 22ന് നടക്കുന്ന ആദ്യ ട്വന്റി 20 മത്സരത്തിന് മുമ്പായി ഒരു മണിക്കൂറോളം ഷമി നെറ്റ്സിൽ പന്തെറിഞ്ഞു. ധ്രുവ് ജുറേൽ ആയിരുന്നു ഈ സമയം ബാറ്റ് ചെയ്തത്. ഈ സമയത്ത് ഷമിക്ക് മെഡിക്കൽ സംഘത്തിന്റെ ആവശ്യം വന്നില്ലെന്നത് ഇന്ത്യൻ ടീമിന് ആശ്വാസമായി.
നെറ്റ്സിലെ പരിശീലനത്തിന് ശേഷം ബൗളിങ് പരിശീലകൻ മോണി മോർക്കലിനൊപ്പം ഷമി ചർച്ചകൾ നടത്തി. പിന്നാലെ ഹാർദിക് പാണ്ഡ്യയ്ക്കും ഹർഷിത് റാണയ്ക്കുമൊപ്പും ഷമി ബൗളിങ് പരിശീലനം തുടർന്നു. 14 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷമി ഇന്ത്യൻ ടീമിനായി കളിക്കാനൊരുങ്ങുന്നത്.
2023 നവംബറിൽ ഏകദിന ലോകകപ്പിന്റെ ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. പിന്നാലെ കണങ്കാലിന് പരിക്കേറ്റ താരം ചികിത്സയിലായിരുന്നു. നവംബറിൽ രഞ്ജി ട്രോഫിയിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായെങ്കിലും ഷമിക്ക് ബോർഡർ-ഗാവസ്കർ ട്രോഫിയിൽ കളിക്കാൻ സാധിച്ചിരുന്നില്ല. ഒടുവിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ ടീമിൽ സ്ഥിരസാന്നിധ്യമാകാൻ ഒരുങ്ങുകയാണ് ഷമി. ജസ്പ്രീത് ബുംമ്ര പരിക്കിൽ നിന്ന് പൂർണ മുക്തി പ്രാപിച്ചില്ലെങ്കിൽ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിനായി വലിയ റോളാവും ഷമിയെ കാത്തിരിക്കുന്നത്.
Content Highlights: Mohammed Shami bowling at full tilt for over an hour in nets