അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരവും ജയിച്ച് ഇന്ത്യ. ഗ്രൂപ്പ് എയില്‍ മലേഷ്യയുമായി നടന്ന മത്സരത്തിൽ പത്ത് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. മലേഷ്യ മുന്നോട്ടുവച്ച 32 റണ്‍സ് വിജയലക്ഷ്യം കേവലം 2.5 ഓവറില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ഗോംഗഡി തൃഷ 27 റൺസെടുത്തും കമാലിനി നാല് റൺസെടുത്തും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ മലേഷ്യയെ ബൗളർ വൈഷ്ണവി ശര്‍മയാണ് തകര്‍ത്തത്. മലേഷ്യൻ നിരയിൽ ഒരാൾ പോലും രണ്ടക്കം കടന്നില്ല. നാല് ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് താരം അഞ്ച് വിക്കറ്റ് നേടി. ഇതിൽ ഹാട്രിക്ക് പ്രകടനവും ഉൾപ്പെടുന്നുണ്ട്. ആയുഷി ശുക്ല മൂന്ന് വിക്കറ്റെടുത്തപ്പോൾ മലയാളി താരം ജോഷിത ഒരു വിക്കറ്റെടുത്തു. വൈഷ്ണവിയാണ് മത്സരത്തിലെ താരം.
രണ്ട് മിന്നും ജയം സ്വന്തമാക്കിയ ഇന്ത്യ മികച്ച റൺ റേറ്റോടെ നാല് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ശ്രീലങ്കയാണ് രണ്ടാം സ്ഥാനത്ത്. ഇനി ഗ്രൂപ്പില്‍ ലങ്കയ്‌ക്കെതിരായ മത്സരമാണ് ഇന്ത്യയ്ക്ക് അവശേഷിക്കുന്നത്.
Content Highlights: ICC U-19 Women’s T20 World Cup 2025: india beat malaysia